കണ്ണൂര്‍ വിമാനത്താവളം 2018 സെപ്തംബറില്‍ ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളം 2018 സെപ്തംബറില്‍ ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നിര്‍മാണ പ്രവൃത്തികളും വിമാനത്താവളത്തിലേക്കുള്ള റോഡ് നവീകരണവും അവലോകനം ചെയ്തു.

25 മീറ്റര്‍ വീതിയുള്ള നാലുവരിപ്പാതകളാക്കി റോഡുകള്‍ വികസിപ്പിക്കാന്‍ യോഗത്തില്‍ തീരുമാനമായി.

വിമാനത്താവളത്തിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ അവസാന ഘട്ടത്തിലാണ്. ഡിസംബര്‍ അവസാനത്തോടു കൂടി നിർമ്മാണ പ്രവർത്തനങ്ങൾ പൂര്‍ത്തിയാകും.

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടേയും ഡിജിസിഎയുടേയും അനുമതി ലഭിച്ചാല്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കാമെന്നാണ് പ്രതീക്ഷയെന്ന് കിയാല്‍ എംഡി പി ബാലകിരണ്‍ പറഞ്ഞു.

13 രാജ്യാന്തര സര്‍വീസുകളടക്കം 20 പേര്‍ ഇപ്പോള്‍ സര്‍വ്വീസ് നടത്താന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്.

വിമാനത്താവളത്തിലേക്കുള്ള ആറ് പ്രധാന റോഡുകളുടെ വികസനം വേഗത്തിലാക്കാന്‍ യോഗത്തില്‍ തീരുമാനമായി.

തലശേരി-കൊടുവള്ളി-മമ്പറം-മട്ടന്നൂര്‍, തളിപ്പറമ്പ്-മയ്യില്‍-ചാലോട്-മട്ടന്നൂര്‍, മേലെചൊവ്വ-ചാലോട്-മട്ടന്നൂര്‍, കൂട്ടുപുഴ-ഇരിട്ടി-മട്ടന്നൂര്‍, കുറ്റ്യാടി- പേരോട്-പാനൂര്‍-മട്ടന്നൂര്‍, മാനന്തവാടി-പേരാവൂര്‍-ശിവപുരം-മട്ടന്നൂര്‍ റോഡുകളാണ് വീതി കൂട്ടുന്നത്.

25 മീറ്റര്‍ വീതിയുള്ള നാലുവരിപാതയായാണ് റോഡുകള്‍ വികസിപ്പിക്കുന്നത്.

വയനാട്, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകള്‍ക്ക് പുറമേ കൂര്‍ഗുമായി ബന്ധിപ്പിക്കുന്ന റോഡുകളും വികസിപ്പിക്കും.

Top