സ്വാശ്രയ മേഖലയില്‍ സമഗ്രമായ നിയമനിര്‍മാണം അനിവാര്യമാണെന്ന് കാനം രാജേന്ദ്രന്‍

തൃശൂര്‍: സ്വാശ്രയ പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലയില്‍ നടക്കുന്ന ലാഭം മാത്രം ലക്ഷ്യമാക്കിയുള്ള സ്വകാര്യ മാനേജ്‌മെന്റുകളുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുവാന്‍ നിയമനിര്‍മ്മാണം ആവശ്യമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

എല്ലാ രാഷ്ട്രീയ കക്ഷികളുടേയും അഭിപ്രായ സമന്വയത്തിനായി സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ ഒരു പ്രത്യേക നിയമസഭാ സമ്മേളനം ചേര്‍ന്ന് സമഗ്രമായ നിയമനിര്‍മാണത്തിലൂടെ സ്വകാര്യ സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ പ്രവേശനം, ഫീസ്, പരീക്ഷാ നടത്തിപ്പ് തുടങ്ങിയവയെ സംബന്ധിച്ച് വ്യക്തമായ നിയന്ത്രണങ്ങള്‍ ഉറപ്പുവരുത്തുകയും വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൂണുകള്‍പോലെ മുളച്ചുവന്ന സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സംസ്ഥാനത്തിനുമേല്‍ പതിപ്പിച്ചിരിക്കുന്ന കരിനിഴല്‍ മാറ്റേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. വിദ്യാഭ്യാസ മേഖല കച്ചവടക്കാരുടെ കൈകളിലായി. പണമാണ് അടിസ്ഥാനം എന്നതിന്റെ പേരില്‍ കണ്ണീരുമായി മടങ്ങേണ്ട ഗതികേട് മിടുക്കരായ കുട്ടികള്‍ക്ക് ഉണ്ടാവുന്നതിന് ശാശ്വതമായ പരിഹാരമാണ് വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിലവില്‍ മെഡിക്കല്‍, എഞ്ചിനീയറിംഗ് മേഖലയുടേയും സ്വാശ്രയ സ്ഥാപനങ്ങളുടേയും പ്രവേശനം മാത്രം പരിശോധിച്ചാല്‍പോര. അവിടത്തെ പഠന നിലവാരവും നടത്തിപ്പുമെല്ലാം പരിശോധിക്കാനും പിഴവുകള്‍ തിരുത്തുകയും വേണം. ഇക്കാര്യത്തില്‍ അടിയന്തര പരിഗണന നല്‍കണമെന്നും കാനം ആവശ്യപ്പെട്ടു.

Top