തെളിവുണ്ടെങ്കില്‍ ഹാജരാക്കണം; കേരള കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് കാനം രാജേന്ദ്രന്‍

kanam rajendran

മലപ്പുറം: കേരള കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. കാനത്തിനെതിരെ ആരോപിച്ച അഴിമതി ആരോപണം തെളിയിക്കാനാവശ്യപ്പെട്ടാണ് അദ്ദേഹം രംഗത്തെത്തിയത്. ആരോപണത്തില്‍ തെളിവ് ഹാജരാക്കണമെന്നും മറുപടിയുടെ കാര്യം അപ്പോള്‍ ആലോചിക്കാമെന്നും കാനം രാജേന്ദ്രന്‍ പ്രതികരിച്ചു.

നേരത്തെ, കാനം രാജേന്ദ്രനും വനം മന്ത്രി കെ. രാജുവിനുമെതിരെ അഴിമതി ആരോപണവുമായി കേരള കോണ്‍ഗ്രസ് എം രംഗത്തെത്തിയിരുന്നു. പൊന്തന്‍പുഴ വനം സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറുന്നത് സംബന്ധിച്ച കേസ് തോറ്റു കൊടുക്കാന്‍ കാനം രാജേന്ദ്രനും മന്ത്രി രാജുവും ഏഴ് കോടി രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു കേരള കോണ്‍ഗ്രസ് എം സ്റ്റിയറിംഗ് കമ്മിറ്റിയംഗം സ്റ്റീഫന്‍ ജോര്‍ജിന്റെ ആരോപണം. കേസ് തോറ്റതിനെ സംബന്ധിച്ചുള്ള അന്വേഷണത്തിന് മുഖ്യമന്ത്രി തയാറാവണമെന്നും സ്റ്റീഫന്‍ ജോര്‍ജ് ആവശ്യപ്പെട്ടു.

കേരള കോണ്‍ഗ്രസ് എമ്മിനെ ഇടതു മുന്നണിയില്‍ എടുക്കുന്നതിനെ കാനം രാജേന്ദ്രന്‍ ശക്തമായി എതിര്‍ക്കുന്നതിനിടെയാണ് പാര്‍ട്ടി നേതൃത്വം അദ്ദേഹത്തിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

Top