ആദ്യ പ്രതികരണം സൂപ്പര്‍ ഹിറ്റ്, മലയാള സിനിമാലോകത്തെ വീണ്ടും ഞെട്ടിച്ച് ദിലീപ്

കൊച്ചി: മലയാളത്തിന്റെ ജനപ്രിയ നായകന്‍ താന്‍ തന്നെയാണെന്ന് വീണ്ടും തെളിയിച്ച് നടന്‍ ദിലീപ്.

ബുധനാഴ്ച ദിലീപ് ഷെയര്‍ ചെയ്ത പുതിയ സിനിമയായ ‘കമ്മാരസംഭവ’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റും ദിലീപിന്റെ പ്രതികരണവും ഒരു സംഭവമായിരിക്കുകയാണിപ്പോള്‍

ഒരു മണിക്കൂറിനകം 45,000 ലൈക്കുകളും 4,400 ഓളം ഷെയറുകളുമായി മലയാള സിനിമാലോകത്തെ ഞെട്ടിച്ച് കുതിക്കുന്ന പോസ്റ്റിന് രാത്രി 12 മണിയോടെ 89,000ത്തിലധികം
ലൈക്കുകളും, പന്ത്രണ്ടായിരത്തോളം ഷെയറുകളുമാണ് ലഭിച്ചിരിക്കുന്നത്.

ഈ പോക്ക് പോയാല്‍ മലയാളത്തിലെ മറ്റൊരു താരത്തിനും ഇന്നുവരെ ലഭിക്കാത്ത റെക്കാര്‍ഡ് ‘കമ്മാരസംഭവം’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സ്ഥാപിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

കേസും അറസ്റ്റുമൊന്നും ദിലീപിന്റെ താരപദവിക്ക് കോട്ടം സംഭവിച്ചിട്ടില്ലന്ന് മാത്രമല്ല, സ്വീകാര്യത കൂടുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്.

രാമലീല സിനിമ നന്നായത് കൊണ്ട് മാത്രമാണ് ഓടിയതെന്ന് പറയുന്ന ദിലീപിന്റെ വിമര്‍ശകര്‍ ഇനിയും ടീസര്‍ പോലും പുറത്തിറങ്ങാത്ത സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിന് കിട്ടിയ വരവേല്‍പ്പ് കണ്ട് അമ്പരന്ന് നില്‍ക്കുകയാണ്.

പ്രതിഫല കാര്യത്തില്‍ മമ്മുട്ടിയെ മറികടന്ന ദിലീപ് ഉടന്‍ തന്നെ മോഹന്‍ലാലിനെയും മറികടക്കുമെന്നാണ് പറയപ്പെടുന്നത്.

ദിലീപ് ജയിലില്‍ കിടക്കുമ്പോള്‍ റിലീസായ രാമലീല മലയാള സിനിമാ ചരിത്രത്തില്‍ പുലി മുരുകന്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ കളക്ഷന്‍ നേടുന്ന ചിത്രമായി മാറി കഴിഞ്ഞിട്ടുണ്ട്.

ഈ റെക്കോര്‍ഡും ‘ കമ്മാരസംഭവം’ തകര്‍ക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

ചരിത്രം ചമച്ചവര്‍ക്കും, വളച്ചവര്‍ക്കും, ഒടിച്ചവര്‍ക്കും, വളച്ചൊടിച്ചവര്‍ക്കുമെല്ലാം ദിലീപ് സമര്‍പ്പിക്കുന്ന സിനിമ വേട്ടക്കാര്‍ക്ക് മേലുള്ള വേട്ടയാടലാവുമെന്ന മുന്നറിയിപ്പണ് നല്‍കുന്നത്.

ദിലീപിന്റെ ഈ വാക്കുകള്‍ക്ക് മികച്ച പ്രതികരണങ്ങളാണ് കമന്റുകളായി ലഭിച്ച് കൊണ്ടിരിക്കുന്നത്.

താടിവച്ച് പട്ടാളവേഷത്തിലാണ് കമ്മാരസംഭവം പോസ്റ്റില്‍ ദിലീപ് പ്രത്യക്ഷപ്പെടുന്നത്.

തമിഴകത്തെ പ്രമുഖ യുവതാരം സിദ്ധാര്‍ത്ഥും ഈ സിനിമയില്‍ ദിലീപിനൊപ്പം അഭിനയിക്കുന്നുണ്ട്.

കമ്മാരസംഭവം ചിത്രീകരണം നടക്കുന്നതിനിടെയായിരുന്നു നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ ചോദ്യം ചെയ്യാന്‍ വിളിച്ചതും അറസ്റ്റിലായതും.

ഒടുവില്‍ അദ്ദേഹം പുറത്തിറങ്ങിയ ശേഷമാണ് ക്ലൈമാക്‌സ് ഉള്‍പ്പെടെ ബാക്കി ഭാഗം ചിത്രീകരിച്ചത്.

അതേസമയം എതിരാളികള്‍ക്കുള്ള ദിലീപിന്റെ മാസ് ഡയലോഗ് സിനിമയില്‍ പ്രത്യേകം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചന.

Top