kamal-nationalanthem-yuvamorcha

തൃശ്ശൂര്‍: ചലച്ചിത്ര അക്കാദമി ചെര്‍മാന്‍ കമലിന്റെ വീടിന് മുന്നില്‍ നടത്തിയ പ്രതിഷേധത്തിനിടെ ബിജെപി പ്രവര്‍ത്തകര്‍ ദേശീയ ഗാനത്തെ അപമാനിച്ചിട്ടില്ലെന്ന് പൊലീസ്.

പ്രാഥമിക അന്വേഷണത്തില്‍ ദേശീയ ഗാനത്തെ അപമാനിക്കുന്ന രീതിയിലല്ല യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതെന്നും പ്രവര്‍ത്തകര്‍ ഇരുന്നതായി തെളിവില്ലെന്നും പൊലീസ് വ്യക്തമാക്കി. അതിനാല്‍ കേസെടുക്കാന്‍ സാധിക്കില്ലെന്ന് പൊലീസ് അറിയിച്ചു.

ഇന്നലെ, ചലച്ചിത്ര അക്കാദമി ചെര്‍മാന്‍ കമലിന്റെ വീടിന് മുന്നില്‍ നടത്തിയ പ്രതിഷേധത്തിനിടെ ബിജെപി പ്രവര്‍ത്തകര്‍ ദേശീയ ഗാനത്തെ അപമാനിച്ചൂവെന്ന് ചൂണ്ടിക്കാട്ടി റവല്യൂഷണറി യൂത്ത് നേതാവ് എന്‍എ സഫീറാണ് ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ചുമതല കൂടി വഹിക്കുന്ന എഎസ്പി മെറിന്‍ ജോസിന് പരാതി നല്‍കിയത്.

മാര്‍ച്ചിന്റെ ഭാഗമായി ദേശീയ ഗാനം ഉപയോഗിക്കരുതെന്നും ദേശീയഗാനം ആലപിക്കുമ്പോള്‍ പാലിക്കേണ്ട ഭരണഘടനാപരമായ മര്യാദകള്‍ പാലിച്ചില്ലെന്നും പരാതിയില്‍ പറഞ്ഞിരുന്നു.

നിയമവിരുദ്ധമായ രീതിയില്‍ നിലത്തിരുന്നുകൊണ്ടും പാലിക്കപ്പെടേണ്ട നിയമപരമായ മര്യാദകള്‍ക്ക് വിരുദ്ധമായിട്ടുമാണ് ദേശീയ ഗാനം ആലപിച്ചത്.

ദേശീയ ഗാനം ആലപിക്കുന്നതിനും, എവിടെയെല്ലാം ആലപിക്കാം, സമയ ക്രമം തുടങ്ങിയ കൃത്യമായി പാലിക്കപ്പെടേണ്ട ഭരണഘടന അനുശാസനങ്ങള്‍ക്ക് വിരുദ്ധമായാണ് ദേശീയ ഗാനം ആലപിച്ചതെന്നും പരാതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

സിനിമകള്‍ക്ക് മുമ്പായി ദേശീയ ഗാനം ആലപിക്കണമെന്ന സുപ്രീം കോടതി നിര്‍ദ്ദേശത്തിനെതിരെ കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി ഹര്‍ജി നല്‍കിയത് കമലിന്റെ നിര്‍ദ്ദേശപ്രകാരമാണോ എന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ബിജെപി കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കൂടിയായ കമലിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയത്.

Top