മക്കള്‍ നീതി മയ്യം; കമല്‍ ഹാസന്‍ അരങ്ങേറ്റം ഗംഭീരമാക്കി, ചുവപ്പിന് പ്രതീക്ഷകള്‍ വലുത്

ചെന്നൈ: നടന്‍ കമല്‍ ഹാസന്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചതോടെ തമിഴക രാഷ്ട്രീയത്തില്‍ വന്‍ അലയൊലി.

മുന്‍ മുഖ്യമന്ത്രി കരുണാനിധി അടക്കം തമിഴകത്തെ പ്രമുഖരെ നേരില്‍ കണ്ട് അനുഗ്രഹം വാങ്ങിയാണ് കമല്‍ മധുരയില്‍ വന്‍ ജനക്കൂട്ടത്തെ സാക്ഷിയാക്കി ‘മക്കള്‍ നീതി മയ്യം’ എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചത്.

സി.പി.എം – സി.പി.ഐ ഉള്‍പ്പെടെയുള്ള ഇടതു പക്ഷ പ്രസ്ഥാനങ്ങളുമായും സംവിധായകന്‍ സീമാന്റെ രാഷ്ട്രീയ പാര്‍ട്ടിയുമായും കമല്‍ സഖ്യമുണ്ടാക്കുമെന്നാണ് സൂചന. ആം ആദ്മി പാര്‍ട്ടി അടക്കം മികച്ച പ്രതിച്ഛായയുള്ള രാഷ്ട്രീയ പാര്‍ട്ടികളെയും ഒപ്പം കൂട്ടാനാണ് നീക്കം.

തന്റെ രാഷ്ട്രീയ പ്രവേശനത്തിന് പ്രോത്സാഹനം നല്‍കിയ കേരള മുഖ്യമന്ത്രിയും സി.പി.എം നേതാവുമായ പിണറായി വിജയന്‍ ,ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ എന്നിവരെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപന ചടങ്ങിലേക്ക് കമല്‍ ക്ഷണിച്ചിരുന്നു.

സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ തിരക്കുള്ളതിനാല്‍ വീഡിയോ സന്ദേശത്തിലൂടെയാണ് പിണറായി കമലിന് ആശംസ നേര്‍ന്നത്.

രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തിന് മുന്‍പ് സംസ്ഥാനത്തെ പ്രമുഖ കലാലയങ്ങളില്‍ വിദ്യാര്‍ത്ഥികളുമായി നേരിട്ടു സംവദിച്ച കമലിന്റെ നീക്കം വലിയ തരംഗം സൃഷ്ടിച്ചിരുന്നു.

ഈ പരിപാടികള്‍ കോഡിനേറ്റ് ചെയ്തിരുന്നത് മുന്‍ എസ്.എഫ്.ഐ നേതാക്കള്‍ ആയിരുന്നു.

ജയലളിതയുടെ പിന്‍ഗാമിയായി സിനിമാ മേഖലയില്‍ നിന്നും കമലാണോ രജനിയാണോ വരിക എന്ന ചോദ്യമാണ് തമിഴകത്ത് ഇപ്പോള്‍ മുഴങ്ങുന്നത്.

ഈ താരപോരാട്ടത്തിനിടയില്‍ പ്രതിപക്ഷ നേതാവ് ഡി.എം.കെയിലെ സ്റ്റാലിന്‍ മുഖ്യമന്ത്രി കസേര സ്വന്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നവരും ഇവിടെയുണ്ട്.

അതേ സമയം ദ്രാവിഡ രാഷ്ട്രീയ പാര്‍ട്ടികള്‍ കുത്തകയാക്കിയ ഭരണ സംവിധാനം പൊളിച്ചടക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇടതുപാര്‍ട്ടികള്‍.

തമിഴകത്ത് വലിയ സ്വാധീനം അവകാശപ്പെടുന്നില്ലങ്കിലും ശക്തമായ സംഘടനാ സംവിധാനം സി.പി.എം – സി.പി.ഐ പാര്‍ട്ടികള്‍ക്ക് അവിടെയുണ്ട്.

മുന്‍പ് കോയമ്പത്തൂര്‍, മധുര എന്നിവടങ്ങളില്‍ നിന്നും എം.പിമാര്‍ അടക്കം നിരവധി ജനപ്രതിനിധികളെ വിജയിപ്പിക്കുവാന്‍ ഇരു കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്കും കഴിഞ്ഞിരുന്നു.

ഇപ്പോഴും സി.പി.എമ്മിന് ശക്തമായ അടിത്തറയുള്ള മധുര തന്നെയാണ് രാഷ്ട്രീയ പ്രഖ്യാപനത്തിന് കമല്‍ തിരഞ്ഞെടുത്തത്.

സിനിമയും രാഷ്ട്രീയവും ഇഴ കലര്‍ന്ന തമിഴകത്ത് കമലിനെ മുന്‍നിര്‍ത്തി അടിത്തറ വിപുലപ്പെടുത്താനാണ് സി.പി.എം ലക്ഷ്യമിടുന്നത്.

കടുത്ത നിരീശ്വരവാദിയായ കമലിനെ ഏറ്റവും അധികം സ്വാധീനിച്ച പുസ്തകം കാള്‍ മാര്‍ക്‌സിന്റെ മൂലധനമാണ്.

കമ്യൂണിസ്റ്റ് നേതാക്കള്‍ എന്നും തന്റെ ഹീറോകള്‍ ആണെന്ന് ഇപ്പോഴും പരസ്യമായി പറയുന്ന കമല്‍ സി.പി.എമ്മിനെയും ഇടതുപക്ഷത്തെയും സംബന്ധിച്ച് ഉറച്ച സഹയാത്രികനാണ്.

ദ്രാവിഡ രാഷ്ട്രീയ പാര്‍ട്ടികളായ ഡി.എം.കെ, അണ്ണാ ഡി.എം.കെ എന്നിവയുടെ പരമ്പരാഗത സ്വാധീനം പൊളിച്ച് പുതിയ ശാക്തിക ചേരിയുണ്ടാക്കാന്‍ കമലിന്റെ ‘സ്വതന്ത്ര’ പരിവേഷം വഴിത്തിരിവാകുമെന്നാണ് ഇടതു നേതൃത്വത്തിന്റെ കണക്ക് കൂട്ടല്‍.

Top