വാര്‍ത്തയിലെ മിടുക്കിന് ജീവന്‍ കുമാറിന് അമേരിക്കയില്‍ നിന്നൊരു പുരസ്‌കാരം !

തിരുവനന്തപുരം: അമേരിക്കയിലെ കൈരളി ടിവി പ്രേക്ഷകര്‍ ഏര്‍പ്പെടുത്തിയ മികച്ച മാധ്യമ പ്രവര്‍ത്തകനുള്ള പുരസ്‌കാരം തിരുവനന്തപുരം ബ്യൂറോയിലെ റിപ്പോര്‍ട്ടര്‍ എസ് ജീവന്‍ കുമാറിന്.

ജപ്തിയിലായ കുടുംബത്തിന്റെ ദൈന്യത വെളിച്ചത്തുകൊണ്ടുവന്ന വാര്‍ത്തയും ശിശുക്ഷേമ സമിതിയില്‍ നിന്ന് ദത്തെടുത്ത കുട്ടിയെ മാതാപിതാക്കള്‍ പീഡിപ്പിച്ചതിനെത്തുടര്‍ന്ന് അധികാരികള്‍ കുട്ടിയെ തിരികെയെടുത്ത വാര്‍ത്തയുമാണ് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

സെന്‍സേഷനുകളുടെ പിന്നാലെ വാര്‍ത്തകള്‍ക്കായി ഓടുന്ന പുതിയ കാലത്ത് ജീവിതത്തിനും മരണത്തിനും ഇടയിലായ ഒരു കുടുംബത്തിന്റെ ദുരന്തകഥ പുറം ലോകത്തെ അറിയിച്ച് അവര്‍ക്ക് പുതുജീവിതം നല്‍കിയ കൈരളി പീപ്പിള്‍ ടിവിക്കും ചീഫ് റിപ്പോര്‍ട്ടര്‍ എസ്. ജീവന്‍ കുമാറിനും ഏറെ പ്രശംസ ലഭിച്ചിരുന്നു.

തമിഴ്നാട് ആസ്ഥാനമായ റപ്കോബാങ്ക് മനുഷത്വരഹിതമായി പെരുമാറി റോഡിലിറക്കിവിട്ടതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്യാനൊരുങ്ങിയ തിരുവനന്തപുരം ശാന്തികവാടത്തിനടുത്തുള്ള ആറംഗ കുടുംബത്തിനാണ് ജീവന്‍ പുതുജീവന്‍ പകര്‍ന്നത്.

ഗര്‍ഭിണിയുള്‍പ്പെടെയുള്ള കുടുംബം പെരുവഴിയിലായത് ജീവന്‍ കുമാറാണ് കൈരളിയിലൂടെ പുറം ലോകത്തെ അറിയിച്ചത്.

പതിനാലു ലക്ഷം ലോണ്‍ എടുത്ത ഈ കുടുംബം മുതലും പലിശയും അടക്കം ഇരുപത്തിമൂന്ന് ലക്ഷം തിരിച്ചടച്ചിട്ടും ബാങ്ക് വീട് കൈവശപ്പെടുത്തി വീട്ടുകാരെ ഇറക്കി വിടുകയായിരുന്നു. അപസ്മാര രോഗിയും ഗര്‍ഭിണിയുമായ യുവതിയും 85 വയസ്സുള്ള വൃദ്ധയും ഉള്‍പ്പെടെയുള്ള ആറംഗ കുടുംബമാണ് തെരുവിലിറക്കപ്പെട്ടിരുന്നത്.

പ്രമുഖ വ്യവസായി എം.എ യൂസഫലിയുടെ മുന്‍ ജീവനക്കാരനായ പ്രദീപിന്റെ കുടുംബത്തിന്റെ ദയനീയ അവസ്ഥ ശ്രദ്ധയില്‍പ്പെട്ട യൂസഫലിയുടെ നിര്‍ദ്ദേശ പ്രകാരം ലുലു ഗ്രൂപ്പ് ഈ കുടുംബത്തിന്റെ ബാധ്യത മുഴുവന്‍ ഏറ്റെടുത്ത് ആധാരം അവകാശികള്‍ക്ക് തിരിച്ചുനല്‍കുകയായിരുന്നു.

ആധാരം തിരികെ ലഭിക്കുന്നതിനായി മുഴുവന്‍ തുകയുമാണ് ലുലു ഗ്രൂപ്പ് ബാങ്കില്‍ അടച്ചത്.

ഗള്‍ഫിലെ ലുലു ഗ്രൂപ്പില്‍ ജോലിക്കാരനായിരുന്ന പ്രദീപ് അസുഖബാധിതനായതിനെ തുടര്‍ന്നാണ് നാട്ടിലേക്ക് മടങ്ങിയിരുന്നത്.

മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്‌കാരം ജീവന്‍ കുമാറിന് ജോസ് കാടാപ്പുറം, ജോസ് ഡാലസ് എന്നിവര്‍ ചേര്‍ന്ന് സമ്മാനിച്ചു. കൈരളി ടിവി സീനിയര്‍ ഡയറക്ടര്‍ എം വെങ്കിട്ടരാമന്‍, എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എം രാജീവ് എന്നിവര്‍ പുരസ്‌കാരദാന ചടങ്ങില്‍ പങ്കെടുത്തു.

Top