വര്‍ഗീയ മുതലെടുപ്പിന് ശ്രമിക്കുന്നവരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവ് പ്രകാരം ഗുരുവായൂരിലെ പാര്‍ത്ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തത് വര്‍ഗീയവിഷയമാക്കി മുതലെടുപ്പിന് ശ്രമിക്കുന്നവരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

എന്നാല്‍ പൊതുസമൂഹവും, വിശ്വാസികളും ഇതിന്റെ യഥാര്‍ത്ഥ വസ്തുത മനസിലാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നാട്ടുകാരില്‍ ചിലരുടെ നേതൃത്വത്തിലുള്ള ഭരണ സമിതി ഗുരുതരമായ ക്രമക്കേടുകള്‍ നടത്തുകയും, അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകുകയും ചെയ്തതിനെ തുടര്‍ന്ന് എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പാര്‍ത്ഥസാരഥി ക്ഷേത്രഭരണം മലബാര്‍ ദേവസ്വം ബോര്‍ഡിന് കൈമാറണമെന്ന ആവശ്യം ഉയര്‍ന്നത്.

നിലവിലെ നിയമപ്രകാരം ക്ഷേത്രഭരണം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കുന്നതിനുള്ള തീരുമാനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ദീര്‍ഘകാല നിയമപോരാട്ടം നടന്നതിനെ തുടര്‍ന്ന് കോടതിയാണ് ക്ഷേത്രഭരണം ദേവസ്വം ബോര്‍ഡിനെ ഏല്‍പ്പിക്കാന്‍ ഉത്തരവിട്ടത്.

ഈ കോടതി ഉത്തരവ് പ്രകാരം ക്ഷേത്രഭരണം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കുകയും ചെയ്തു. എന്നാല്‍ ഭണ്ഡാരത്തിന്റെയും, ലോക്കറുകളുടെയും താക്കോല്‍ കൈമാറിയാല്‍ ക്രമക്കേടുകളുടെ തെളിവ് പുറത്തുവരുമെന്ന് ഭയന്നാകാം പഴയ ഭരണസമിതി ഭാരവാഹികള്‍ അതിന് തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ച് സംഘര്‍ഷാവസ്ഥ ഉണ്ടാക്കിയതിനെ തുടര്‍ന്നാണ് പോലീസ് സംരക്ഷണത്തില്‍ കോടതി ഉത്തരവ് നടപ്പാക്കിയത്. ക്ഷേത്രഭരണം ബോര്‍ഡ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടത് വിശ്വാസികളും, ക്ഷേത്ര ജീവനക്കാരും തന്നെയാണ്. ഇത് മറച്ചുവെച്ച് സര്‍ക്കാര്‍ ക്ഷേത്രം പിടിച്ചെടുക്കുന്നുവെന്നൊക്കെ പ്രചരിപ്പിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്നും അദ്ദേഹം ചോദിച്ചു.

ക്ഷേത്രത്തിലെ കാണിക്ക പണം പോലും ഒരു കണക്കും കാണിക്കാതെ ഏതാനും വ്യക്തികളോ, തട്ടിക്കൂട്ട് സംഘങ്ങളോ ദുരുപയോഗം ചെയ്യുന്നതാണോ, അതോ ദേവസ്വം ബോര്‍ഡുകള്‍ വഴി കൃത്യമായി ഓഡിറ്റിംഗ് നടത്തി ആധികാരികമായി ദൈനംദിന ഭരണം നടത്തുന്നതാണോ അഭികാമ്യമെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. ഹൈന്ദവആരാധനാലയങ്ങള്‍ മാത്രം മുട്ടുന്യായങ്ങള്‍ പറഞ്ഞ് ഏറ്റെടുക്കാന്‍ ശ്രമിക്കുന്നത് ഹിന്ദുക്കളോടുള്ള വെല്ലുവിളിയാണെന്ന പ്രചരണവും കണ്ടു. ഇത് തെറ്റിദ്ധാരണയാണെന്നും കടകംപള്ളി പറഞ്ഞു.

വിശ്വാസികള്‍ ഉള്‍പ്പെട്ട ദേവസ്വം ബോര്‍ഡുകളാണ് ക്ഷേത്രകാര്യങ്ങളുടെ ചുമതല നിര്‍വഹിക്കുന്നത്. അതിനാല്‍ ഗീബല്‍സിയന്‍ തന്ത്രങ്ങള്‍ കേരളത്തില്‍ വിലപ്പോവില്ല എന്ന് വര്‍ഗീയവാദികള്‍ക്ക് തിരിച്ചറിയേണ്ടിവരുമെന്നും മന്ത്രി വ്യക്തമാക്കി.

Top