എറിഞ്ഞത് സര്‍ക്കാരിന്. . കൊണ്ടത് പാര്‍ട്ടിക്ക് ; കോഴ വിവാദത്തില്‍ സുരേന്ദ്രന്റെ പോസ്റ്റ്

K surendran

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് കോഴ വിവാദത്തില്‍ മുങ്ങി കേരള ബിജെപി നേതാക്കള്‍ തപ്പിക്കളിക്കുമ്പോള്‍ എറിഞ്ഞ വടി തിരിച്ചടിക്കുന്ന പോലെയാണ് കെ. സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

മാനേജ്‌മെന്റും സര്‍ക്കാരും തമ്മിലുള്ള ഒത്തുകളിയാണിതെന്ന് ആരോപിച്ചപ്പോള്‍ സുരേന്ദ്രന്‍ പോലും ചിന്തിച്ചുകാണില്ല, അഴിമതി ആരോപണം പാര്‍ട്ടി നേതാക്കള്‍ക്കെതിരെ ഉയരുമെന്ന്.

മെഡിക്കല്‍ കോളേജുകളുടെ കേന്ദ്രാനുമതിക്കായി 5.6 കോടി രൂപ കേരള ബിജെപിയിലെ ചിലര്‍ വാങ്ങിയതായി പാര്‍ട്ടി അന്വേഷണ കമ്മിഷന്‍ കണ്ടെത്തുകയും തുടര്‍ന്ന് കുഴല്‍പ്പണമായി ഇത് ഡല്‍ഹിയിലേക്ക് അയച്ചുവെന്ന് ബിജെപിയുടെ സഹകരണ സെല്‍ കണ്‍വീനര്‍ സമ്മതിച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

അടുത്ത കാലത്തായി അംഗീകാരം കിട്ടിയ പല മെഡിക്കല്‍ കോളേജുകളും വലിയ കോഴ കൊടുത്താണ് അംഗീകാരം നേടിയതെന്നും ഈ കച്ചവടം അവസാനിപ്പിക്കണമെന്നുമാണ് സുരേന്ദ്രന്‍ ജൂലൈ 17 ന് ഫെയ്‌സ്ബുക്കിലൂടെ കുറിച്ചത്.

മാധ്യമങ്ങളും രാഷ്ട്രീയപാര്‍ട്ടികളും ഇതിനെതിരെ രംഗത്ത് വരാത്തതിനെ കുറ്റപ്പെടുത്തിയ സുരേന്ദ്രന്‍ സ്വാശ്രയ മെഡിക്കല്‍ കോളേജുകളുടെ കൊള്ളക്ക് അറുതി വരുത്താന്‍ വലിയ പോരാട്ടം തന്നെ വേണ്ടി വരുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം . . .

കേരളത്തില്‍ മെഡിക്കല്‍ ഫീസ് ഇരുപത്തി അഞ്ചു ലക്ഷം രൂപ. ബഹുമാനപ്പെട്ട ഹൈക്കോടതി ഈ ഫീസ് തുടരാന്‍ അനുവദിച്ചത് എന്തോ വലിയ കാര്യമായിട്ടാണ് ആരോഗ്യമന്ത്രി വിലയിരുത്തിയത്. ഇതു വലിയൊരു തട്ടിപ്പാണ്. മാനേജ്‌മെന്റുകളും സര്‍ക്കാരും തമ്മിലുള്ള ഒത്തുകളി വ്യക്തം. ഈ ഫീസില്‍ കേരളത്തിലെ ഒരു പാവപ്പെട്ട വിദ്യാര്‍ത്ഥി എങ്ങനെ പഠിക്കും? മോദി സര്‍ക്കാര്‍ എടുത്ത വിപ്‌ളവകരമായ ഒരു തീരുമാനം മെഡിക്കല്‍ പ്രവേശനം ഒരു പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ രാജ്യം മുഴുവന്‍ നടത്തണമെന്നും മുഴുവന്‍ പ്രവേശനവും അതിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്നും എല്ലാവര്‍ക്കും ഒരേ ഫീസ് ആയിരിക്കണമെന്നുമുള്ള തീരുമാനം എത്ര സമര്‍ത്ഥമായാണ് കേരളത്തില്‍ അട്ടിമറിക്കപ്പെട്ടത്? ഇവിടെ എന്‍. ആര്‍. ഐ സീററ് തീരുമാനിക്കാനുള്ള അവകാശം മാനേജ്‌മെന്റുകള്‍ക്ക് എങ്ങനെ കിട്ടി? എന്‍ ആര്‍. ഐ സ്ടാററസ് തരപ്പെടുത്തിക്കൊടിക്കുന്ന ഒരു വലിയ സംഘം ഇവിടെ വിലസുന്നു എന്നുള്ള കാര്യം ആര്‍ക്കാണറിയാത്തത്? ഇനി ഈ അടുത്ത കാലത്ത് അംഗീകാരം കിട്ടിയ പല മെഡിക്കല്‍ കോളേജുകളും വലിയ കോഴ കൊടുത്താണ് അംഗീകാരം നേടിയതെന്ന വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണ്. ഈ കച്ചവടം അവസാനിപ്പിക്കാനും ഇതിനെതിരെ പ്രതികരിക്കാനും എന്തുകൊണ്ട് മാധ്യമങ്ങളും രാഷ്ട്രീയപാര്‍ട്ടികളും രംഗത്തു വരുന്നില്ല?സ്വാശ്രയ മെഡിക്കല്‍ കോളേജുകളുടെ കൊള്ളക്ക് അറുതി വരുത്താന്‍ വലിയ പോരാട്ടം തന്നെ വേണ്ടി വരും.

Top