കോടിയേരിയുടെ ന്യായീകരണം വിചിത്രം; പൊലീസിനെ പേടിച്ച് നിരപരാധികളാരും കീഴടങ്ങാറില്ല കെ.സുധാകരന്‍

K sudhakaran

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട കേസില്‍ പൊലീസിനെ പേടിച്ചാണ് നിരപരാധികള്‍ കീഴടങ്ങിയതെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ന്യായീകരണം വിചിത്രമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍. പൊലീസിനെ പേടിച്ച് നിരപരാധികളാരും കീഴടങ്ങാറില്ല. നിരപരാധികളെങ്കില്‍ പി ജയരാജന്‍ എന്തുകൊണ്ട് പ്രതികരിക്കുന്നില്ല. ഷുഹൈബ് വധത്തില്‍ പിടിയിലായ പ്രതി ആകാശ് തില്ലങ്കേരി പി ജയരാജന്റെ അടുത്ത ബന്ധുവാണ്. കൊലപാതകത്തിന് പിന്നില്‍ പ്രൊഫഷണല്‍ സംഘമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയത് ആത്മാര്‍ത്ഥതയില്ലാത്ത പ്രസ്താവനയാണെന്നും കെ സുധാകരന്‍ ആരോപിച്ചു. സ്വന്തം ജില്ലയില്‍ നടന്ന ഒരു കൊലപാതകത്തില്‍ പ്രതികരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ഏഴ് ദിവസം വേണ്ടിവന്നു. ആ പ്രതികരണം ഒരു മാമൂലാണ്. അതില്‍ ആത്മാര്‍ത്ഥത ഒട്ടുമില്ല. കാന്തപുരം ഉസ്താദിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് മുഖ്യമന്ത്രി അത്തരത്തിലൊരു പ്രസ്താവന നടത്തിയതെന്നാണ് താന്‍ കരുതുന്നതെന്നും സുധാകരന്‍ പറഞ്ഞു.

കണ്ണൂര്‍ എസ്പിയെ മറികടന്നാണ് പ്രതികളുടെ അറസ്റ്റ് നടത്തിയത്. ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍ സിപിഐഎമ്മിനോട് ചായ്‌വുള്ള ആളാണെന്നും കെ സുധാകരന്‍ പറഞ്ഞു. രണ്ട് പ്രതികള്‍ പൊലീസിന് മുന്‍പില്‍ കീഴടങ്ങിയെന്നതാണ് സത്യം എന്നാല്‍ അറസ്റ്റ് ചെയ്തുവെന്ന് പ്രചരിപ്പിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് പൊലീസും സിപിഐഎമ്മും നടത്തുന്നത്. കീഴടങ്ങിയ പ്രതികള്‍ യഥാര്‍ഥ പ്രതികള്‍ അല്ലെങ്കില്‍ പാര്‍ട്ടി സെക്രട്ടറി എന്തുകൊണ്ടാണ് പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

Top