പിണറായി കടക്ക് പുറത്തെന്നു പറയേണ്ടത് ഈ മന്ത്രി പുംഗവൻമാരോട്, ഇവർ അപമാനം

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്‍ കടക്ക് പുറത്തെന്നു പറയേണ്ടത് അഴകിയ രാവണന്‍മാരായ ഈ മന്ത്രി പുംഗവന്‍മാരോട്. കേരളത്തിലെ ജനങ്ങള്‍ പ്രളയദുരിത്തില്‍ മരണത്തെ മുഖാമുഖം കാണുമ്പോള്‍ ജര്‍മ്മനിയില്‍ ഉല്ലസിക്കാന്‍പോയ വനം മന്ത്രി കെ.രാജുവിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണം.

പത്തനംതിട്ടയില്‍ ദുരന്തസാധ്യത വാര്‍ത്തയാക്കിയ മാധ്യമപ്രവര്‍ത്തകരെ കളിയാക്കിയ മന്ത്രി മാത്യു ടി തോമസ് ദുരിതാശ്വാസ ഏകോപനത്തില്‍ പൂര്‍ണപരാജയമായി. മലപ്പുറത്ത് ദുരന്തം പെയ്യുമ്പോള്‍ പട്ടിണിയിലായ ആദിവാസികള്‍ക്ക് സഹായമെത്തിക്കാതെ മൃഷ്ടാന്നഭോജനത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ച മന്ത്രി കെ.ടി ജലീലും സര്‍ക്കാരിനു നാണക്കേടായി.

രാജ്യം കണ്ട വലിയ ദുരന്തം നേരിടുന്ന കേരളത്തില്‍ കേന്ദ്ര സേന ഇറങ്ങുകയും കേന്ദ്ര ആഭ്യന്തരമന്ത്രിയും പ്രധാനമന്ത്രിയും നേരിട്ടെത്തിയിട്ടും ദുരന്തം നേരിടുന്നതില്‍ തികഞ്ഞ പരാജയമായി മാറിയ ഈ മന്ത്രിമാരാണ് സര്‍ക്കാരിനെ നാണക്കേടിലാക്കിയിരിക്കുന്നത്.

jaleel

അമേരിക്കയിലെ മയോ ക്ലിനിക്കിലെ ചികിത്സ മാറ്റിവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി തിരുവനന്തപുരത്ത് തങ്ങുമ്പോഴാണ് കോട്ടയം ജില്ലയുടെ ചുമതലയുള്ള വനം മന്ത്രി കെ. രാജു വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ജര്‍മനിക്കു പറന്നത്.

മന്ത്രി വി.എസ് സുനില്‍കുമാറും ശശിതരൂര്‍ എം.പിയും എം.കെ മുനീര്‍ എം.എല്‍.എയും ജര്‍മന്‍ യാത്ര ഉപേക്ഷിച്ചപ്പോള്‍ മന്ത്രി രാജുവിനൊപ്പം ലീഗ് നേതാവ് ഇ.ടി മുഹമ്മദ്ബഷീര്‍ എം.പിയും ജര്‍മനിക്കു പറന്നു.

പത്തനംതിട്ടയില്‍ ദുരന്തസാധ്യത മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള ഒരു തരത്തിലുള്ള ആസൂത്രണവും നടത്താത്തതില്‍ പ്രധാന വീഴ്ച ജില്ലയുടെ ചുമതലയുള്ള മന്ത്രി മാത്യു ടി തോമസിനാണ്. ദുരന്തസാധ്യത ചൂണ്ടികാട്ടി വാര്‍ത്ത നല്‍കിയ മാധ്യമങ്ങളെ, മാധ്യമങ്ങള്‍ ഭീതി പരത്തുകയാമെന്ന് ആക്ഷേപിക്കുകയായിരുന്നു മന്ത്രി. പത്തനംതിട്ടയുടെ മൂന്നില്‍ രണ്ടു ഭാഗങ്ങളും വെള്ളംമൂടിക്കഴിഞ്ഞു. ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തകരെത്തും മുമ്പ് ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരണപ്പെട്ടു. ആവശ്യത്തിന് രക്ഷാപ്രവര്‍ത്തകരെ ഒരുക്കാന്‍പോലും ഇവിടെ ജില്ലാ ഭരണകൂടത്തിനായില്ല. ഇവിടെ ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത് മന്ത്രിയുടെയും ജില്ലാ കളക്ടറുടെയും പക്വമല്ലാത്ത ഇടപെടലുകളായിരുന്നു.

flood

ഉരുള്‍പൊട്ടലും മരണങ്ങളും കൂടുതലുണ്ടായ മലപ്പുറത്തും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായിരുന്നു. ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത് സന്നദ്ധ സംഘടനകളുടെ സഹായം കൊണ്ടാണെന്നും സര്‍ക്കാര്‍ സഹായമെത്തുന്നില്ലെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പരസ്യവിമര്‍ശനവും ഉന്നയിച്ചു.

മലപ്പുറം ജില്ലയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള മന്ത്രി കെ.ടി ജലീലാവട്ടെ ചട്ടപ്പടി യോഗങ്ങളും സഹായപ്രഖ്യാപനങ്ങളും മാത്രമാണ് നടത്തിയത്. സര്‍ക്കാര്‍ സഹായങ്ങളും സൗജന്യ റേഷനും ക്യാമ്പുകളിലെത്തുന്നുണ്ടോ എന്നു തിരക്കാന്‍പോലും മന്ത്രിക്കു സമയമുണ്ടായിരുന്നില്ല.

ഉരുള്‍പൊട്ടലില്‍ ആദിവാസികളടക്കം വനത്തില്‍ ഒറ്റപ്പെട്ടു കഴിയുമ്പോഴും അവലോകന യോഗം കഴിഞ്ഞ് മന്ത്രി കെ.ടി ജലീലും പരിവാരങ്ങളും വിഭവസമൃദ്ധമായ ഭക്ഷണം കഴിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസടക്കം ഇടപെട്ടതോടെയാണ് വെറ്റിലക്കൊല്ലി ആദിവാസി കോളനിയിലുള്ളവരെയടക്കം ദേശീയ ദുരന്തനിവാരണ സേനയുടെ സഹായത്തോടെ വനംവകുപ്പും പോലീസും പുറത്തെത്തിച്ചത്.

റിപ്പോര്‍ട്ട്; എം. വിനോദ്

Top