justice karnan demands rs 14crore from sc for insulting in public

കൊല്‍ക്കത്ത: കോടതിയലക്ഷ്യക്കേസില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വാറണ്ട് വന്‍ പൊലീസ് സന്നാഹത്തിന്റെ അകമ്പടിയോടെ സംസ്ഥാന ഡി.ജി.പി കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കര്‍ണന് കൈമാറി.

വാറണ്ട് നല്‍കാന്‍ പശ്ചിമ ബംഗാളിലെ പൊലീസ് മേധാവിയടക്കം 100 പൊലീസുകാരാണ് ജസ്റ്റസിസ് കര്‍ണന്റെ വസതിയിലെത്തിയത്. ജസ്റ്റിസ് കര്‍ണനെതിരായ വാറണ്ട് നേരിട്ട് നല്‍കണമെന്ന് കോടതി പശ്ചിമ ബംഗാള്‍ പൊലീസ് മേധാവിക്ക് കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു.

എന്നാല്‍ ചില കാരണങ്ങളാല്‍ വാറന്റ് കൈപ്പറ്റുന്നത് നിഷേധിക്കുകയാണെന്ന് ജ.കര്‍ണന്‍ വ്യക്തമാക്കി. ദലിത് ജഡ്ജിയെ നിന്ദിക്കുന്ന തരത്തിലാണ് സുപ്രീംകോടതി ജഡ്ജിമാരുടെ പെരുമാറ്റം. കോടതിയുടെ മാന്യത കണക്കിലെടുത്ത് തനിക്കെതിരായ പീഡനം അവസാനിപ്പിക്കണമെന്നും ജ.കര്‍ണന്‍ ആവശ്യപ്പെട്ടു.

തന്റെ മനഃസമാധാനം ഇല്ലാതാക്കിയതിന് 14 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു കേസ് നല്‍കുമെന്നും ജസ്റ്റിസ് കര്‍ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.

മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനെതിരെ കര്‍ണന്‍ അയച്ച കത്തിന്റെ പേരില്‍ സുപ്രീംകോടതി കോടിയലക്ഷ്യത്തിന് കേസെടുക്കുകയായിരുന്നു. ഈ കേസില്‍ മാര്‍ച്ച് 31നകം കോടതിയില്‍ നേരിട്ട് ഹാജരാവാന്‍ ജസ്റ്റിസ് കര്‍ണനോട് കഴിഞ്ഞ ഫെബ്രുവരിയില്‍ സുപ്രീംകോടതി ഉത്തവരിട്ടിരുന്നു. എന്നാല്‍, കോടതി ഉത്തരവ് അനുസരിക്കുന്നതിനു പകരം തനിക്കെതിരെ കോടതിയലക്ഷ്യ നോട്ടീസയച്ച ഏഴു സുപ്രീംകോടതി ജഡ്ജിമാര്‍ക്കെതിരെ ജസ്റ്റിസ് കര്‍ണന്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

തനിക്കെതിരായ വാറണ്ട് നിലനില്‍ക്കുന്നതല്ലെന്നും കര്‍ണന്‍ തുറന്നടിക്കുകയുണ്ടായി. ചീഫ് ജസ്റ്റിസും മറ്റു ഏഴു ജഡ്ജിമാരും 14 കോടി രൂപ തനിക്ക് നഷ്ടപരിഹാരമായി നല്‍കണമെന്നും കര്‍ണന്‍ സ്വമേധയാ ഉത്തവരിട്ടിരുന്നു. തുടര്‍ന്നാണ് അറസ്റ്റ് വാറണ്ട് നടപ്പാക്കാന്‍ ഡി.ജി.പിക്ക് നിര്‍ദേശം നല്‍കിയത്.

കോടതിയലക്ഷ്യക്കേസില്‍ സിറ്റിങ് ഹൈക്കോടതി ജഡ്ജിക്കെതിരെ സുപ്രീം കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്നത് ഇതാദ്യമാണ്.

Top