മാപ്പുപറയില്ല, സുപ്രീം കോടതിക്കെതിരെ പോരാട്ടം തുടരാനുറച്ച് ജസ്റ്റിസ് സി.എസ്. കര്‍ണന്‍

ന്യൂഡല്‍ഹി: കോടതിയലക്ഷ്യത്തിന് ജസ്റ്റിസ് സി.എസ്. കര്‍ണന്‍ മാപ്പുപറയില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനും മലയാളിയുമായ മാത്യൂസ് ജെ. നെടുമ്പാറ. കോടതികളെയോ വിധിയെയോ കര്‍ണന്‍ വിമര്‍ശിച്ചിട്ടില്ല. ചില ജഡ്ജിമാരെ വ്യക്തപരമായാണ് വിമര്‍ശിച്ചത്. ഇതിനെതിരെ ഇവര്‍ക്ക് നിയമ നടപടിക്ക് പോകാമെന്നും അദ്ദേഹം പറയുന്നു.

എന്നാല്‍ കോടതിയലക്ഷ്യത്തിന് ജയിലടയ്ക്കാനുള്ള സുപ്രീം കോടതി ഉത്തരവ് ഭരണഘടനാ വിരുദ്ധമാണ്. എഫ്‌ഐആറോ കുറ്റപത്രമോ ഇല്ലാതെ എങ്ങനെ ശിക്ഷിക്കാനാകുമെന്നും മാത്യൂസ് ചോദിക്കുന്നു.

കര്‍ണന്‍ സുപ്രീം കോടതിക്കെതിരെ പോരാട്ടം തുടരും. കോടതിയലക്ഷ്യക്കേസില്‍ തടവുശിക്ഷ വിധിച്ചതിലൂടെ തന്നെ ഇംപീച്ച് ചെയ്യാനാണ് സുപ്രീം കോടതി ശ്രമമെന്ന് ചൂണ്ടികാണിച്ച് ജസ്റ്റിസ് കര്‍ണന്‍ രാഷ്ട്രപതിയെ സമീപിച്ചു. ഇടപെടല്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും എംപിമാര്‍ക്കും കത്തു നല്‍കി. ഇംപീച്ച് ചെയ്യാനുള്ള അധികാരം പാര്‍ലമെന്റിനു മാത്രമെന്നും ജസ്റ്റിസ് കര്‍ണന്റെ അഭിഭാഷകന്‍ മാത്യൂസ് ജെ. നെടുമ്പാറ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കോടതിയലക്ഷ്യക്കേസില്‍ സുപ്രീം കോടതി വിധിച്ച ആറുമാസത്തെ തടവിന് നിയമ സാധുതയില്ലെന്നും ഉത്തരവ് പിന്‍വലിക്കണമെന്നും ഉള്ള ഹര്‍ജികള്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത് നിയമ പോരാട്ടം തുടരാനാണ് കൊല്‍ക്കത്ത ഹൈക്കോടതി ജസ്റ്റിസ് സി.എസ്. കര്‍ണന്റെ തീരുമാനം.

Top