julian assange ;ecuadore says cut security

ലണ്ടന്‍: വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിന്റെ എംബസി സുരക്ഷ ഇക്വഡോര്‍ റദ്ദാക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.

ഇക്വഡോറിന്റെ പുതിയ പ്രസിഡന്റ് ഇത്തരമൊരു തീരുമാനമെടുത്തേക്കുമെന്നാണ് അസാഞ്ചിന്റെ അഭിഭാഷകന്‍ നല്‍കുന്ന സൂചന. ഏപ്രില്‍ രണ്ടിന് ഇക്വഡോറിന്റെ പുതിയ ഭരണാധികാരി ആരാണെന്ന് അറിയാം.

ഭരണകക്ഷിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി മൊറീനോ അധികാരത്തില്‍ വന്നാല്‍ അസാഞ്ചിന് ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ നല്‍കിയിരിക്കുന്ന അഭയം തുടരും. ഇക്കാര്യം അദ്ദേഹം നേരത്തെ തന്നെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ വലതുപക്ഷ സ്ഥാനാര്‍ഥിയായ ലാസോ അധികാരത്തില്‍ വന്നാല്‍ അസാഞ്ചിനെ എംബസിയില്‍ നിന്നും പുറത്താക്കുമെന്ന് ഉറപ്പാണ്. തന്റെ പാര്‍ട്ടിക്ക് അധികാരം ലഭിച്ചാല്‍ 30 ദിവസത്തിനകം അസാഞ്ചിനെ ലണ്ടന്‍ എംബസിയില്‍ നിന്നും പുറത്താക്കുമെന്ന് ലാസോ പ്രഖ്യാപിച്ചു.

ഇക്വഡോറില്‍ വലതുപക്ഷ പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ സ്വീകരിക്കേണ്ട നിയമനടപടികളെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് അസാഞ്ചിന്റെ അഭിഭാഷക സംഘത്തിലെ അംഗം ജെന്നിഫര്‍ റോബിന്‍സണ്‍ പറഞ്ഞു. സര്‍ക്കാര്‍ മാറിയാലും അസാഞ്ചിന് നല്‍കുന്ന സംരക്ഷണം മാറ്റേണ്ട സാഹചര്യമില്ലെന്നും ജെന്നിഫര്‍ കൂട്ടിച്ചേര്‍ത്തു.

സ്വീഡനില്‍ രജിസ്റ്റര്‍ ചെയ്ത മാനഭംഗക്കേസില്‍ അറസ്റ്റ് ഭയന്ന് 2012ലാണ് അസാഞ്ച് ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അഭയം തേടിയത്.

അമേരിക്കന്‍ നയതന്ത്ര രഹസ്യങ്ങള്‍ ചോര്‍ത്തി വാര്‍ത്തകളില്‍ ഇടം നേടിയ അസാഞ്ചിനെ സ്വീഡന്‍ അറസ്റ്റ് ചെയ്താന്‍ അമേരിക്കയ്ക്ക് കൈമാറുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് ഒഴിവാക്കാനാണ് അദ്ദേഹം എംബസിയില്‍ അഭയം പ്രാപിച്ചത്.

Top