കൊട്ടക്കമ്പൂര്‍ ഭൂമി പട്ടയം റദ്ദാക്കിയതിനെതിരെ ജോയ്‌സ് ജോര്‍ജ് എം.പി അപ്പീല്‍ നല്‍കി

Joyce George MP

മൂന്നാര്‍: കൊട്ടക്കമ്പൂര്‍ ഭൂമി പട്ടയം റദ്ദാക്കിയതിനെതിരെ ഇടുക്കി ജോയ്‌സ് ജോര്‍ജ് എം.പി അപ്പീല്‍ നല്‍കി.

ഇടുക്കി കലക്ടര്‍ അപ്പീല്‍ ഫയലില്‍ സ്വീകരിച്ചു.

20 ഏക്കര്‍ പട്ടയമാണ് സര്‍ക്കാര്‍ തരിശു ഭൂമിയെന്ന് കണ്ടത്തിയതിനെ തുടര്‍ന്ന് ദേവികുളം സബ് കലക്ടര്‍ വി.ആര്‍. പ്രേംകുമാര്‍ റദ്ദാക്കിയത്.

ഭൂമി തട്ടിയെടുക്കാന്‍ വ്യാജ രേഖ ചമച്ചുവെന്നും ഒറ്റ ദിവസം കൊണ്ട് എട്ടു പേര്‍ക്ക് പട്ടയം നല്‍കിയെന്നും സബ് കലക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ജോയ്‌സ് ജോര്‍ജിന്റേത് കയ്യേറ്റ ഭൂമിയല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പറഞ്ഞിരുന്നു.

വട്ടവട പഞ്ചായത്തിലെ കൊട്ടാക്കമ്പൂര്‍ വില്ലേജിലുള്ള 24 ഏക്കര്‍ ഭൂമിയുടെ കൈവശാവകാശമാണ് റദ്ദാക്കിയത്. പട്ടിക ജാതിക്കാര്‍ക്കു വിതരണം ചെയ്ത ഭൂമിയാണു എംപിയും കുടുംബാംഗങ്ങളും തട്ടിയെടുത്തത്. തട്ടിപ്പിനു തുടക്കം കുറിച്ചത് ജോയ്‌സ് ജോര്‍ജിന്റെ പിതാവ് പാലിയത്ത് ജോര്‍ജാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

എംപി ജോയ്‌സ് ജോര്‍ജിന്റെയും ഭാര്യ അനൂപയുടെയും പേരില്‍ എട്ട് ഏക്കര്‍ ഭൂമിയാണു കൊട്ടാക്കമ്പൂരിലുള്ളത്. ഇക്കാര്യം ജോയ്‌സ് ജോര്‍ജ് 2013ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ചിരുന്ന സത്യവാങ്മൂലത്തില്‍ ചേര്‍ത്തിരുന്നു.

ജോയ്‌സിന്റെ പിതാവ് ഇടുക്കി തടിയമ്പാട് പാലിയത്തു വീട്ടില്‍ ജോര്‍ജ് തമിഴ് വംശജരായ ആറു പേരുടെ കൈവശമായിരുന്ന ഭൂമി മുക്ത്യാര്‍ വാങ്ങി ഭാര്യയുടെയും മക്കളുടെയും മരുമക്കളുടെയും പേരില്‍ റജിസ്റ്റര്‍ ചെയ്തതു സംബന്ധിച്ച് ഇടുക്കി ജില്ലാ കലക്ടര്‍ക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിത്.

Top