ന്യൂസ് റൂമിലെ വമ്പൻമാരോടൊപ്പം കിടക്ക പങ്കിടാതെ മികച്ച റിപ്പോർട്ടറാകില്ലന്ന് !

ചെന്നൈ: അനുവാദമില്ലാതെ മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ തമിഴ്‌നാട് ഗവര്‍ണര്‍ സ്പര്‍ശിച്ച സംഭവത്തില്‍ വിവാദമായ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത് നടനും ബി ജെ പി നേതാവുമായ എസ് വി ഇ ശേഖര്‍ വെങ്കട്ടരാമന്‍. മാധ്യമപ്രവര്‍ത്തകയെ അപമാനിക്കുന്ന വിധത്തിലുള്ള പോസ്റ്റാണ് വെങ്കട്ടരാമന്‍ തന്റെ പേജില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

മാധ്യമപ്രവര്‍ത്തകയെ സ്പര്‍ശിച്ച ഗവര്‍ണര്‍ കൈ ‘ഫിനൈല്‍'(finoil) കൊണ്ടു കഴുകണമെന്ന തരത്തിലായിരുന്നു പോസ്റ്റ്. കൂടാതെ ഗവര്‍ണറെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അപമാനിക്കുകയായിരുന്നു മാധ്യമപ്രവര്‍ത്തകയുടെ ലക്ഷ്യമെന്നും കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

വിദ്യാഭ്യാസവും വിവേകവുമില്ലാത്ത വൃത്തികെട്ട ജീവികളാണ് മാധ്യമപ്രവര്‍ത്തകരെന്നും, തമിഴ്‌നാട്ടിലെ മാധ്യമരംഗത്ത് ഇവര്‍ ധാരാളമുണ്ടെന്നും, സര്‍വകലാശാലകളെക്കാള്‍ കൂടുതലായി ലൈംഗിക ചൂഷണങ്ങള്‍ നടക്കുന്നത് മാധ്യമമേഖലയിലാണെന്നും, ഇവരാണ് ഗവര്‍ണറെ ചോദ്യം ചെയ്യുന്നതെന്നും പോസ്റ്റില്‍ പറയുന്നു. സംഭവം വിവാദമായതോടെ പോസ്റ്റ് വെങ്കട്ടരാമന്‍ ഡിലീറ്റ് ചെയ്തു. മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ ഗവര്‍ണര്‍ സ്പര്‍ശിച്ച സംഭവം വിവാദമായതോടെ ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് മാപ്പ് പറയുകയും ചെയ്തിരുന്നു.

Top