jose pallissery statement actress assault case

കൊച്ചി: നടിക്കെതിരായ ആക്രമണത്തിന് പിന്നില്‍ പ്രമുഖ നടനാണെന്ന് വെളിപ്പെടുത്തിയ സിനിമാ മാധ്യമ പ്രവര്‍ത്തകന്‍ ജോസ് പല്ലിശ്ശേരിയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും.

ആക്രമണത്തിനിരയായ നടിയുടെ ഫോട്ടോ കവര്‍ ചിത്രമാക്കി നല്‍കി പുറത്തിറങ്ങിയ സിനിമാമംഗളത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഉള്ളത്.

സിനിമാ വാര്‍ത്തകളില്‍ ഏറെ കാലമായി വിശ്വസിനീയമായ റിപ്പോര്‍ട്ടിങ്ങ് നടത്തുന്ന വ്യക്തിയായതിനാല്‍ പല്ലിശേരിയില്‍ നിന്ന് മൊഴി രേഖപ്പെടുത്തുമെന്ന നിലപാടിലാണ് അന്വേഷണ സംഘം. ഒരു സാധ്യതയും വിട്ടുകളയാനില്ലന്നതാണ് അവരുടെ നിലപാട്.

ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ തനിക്ക് ലഭിക്കുന്ന വിവരങ്ങള്‍ പൊലീസിനോട് വെളിപ്പെടുത്തേണ്ട ബാധ്യത പല്ലിശേരിക്കില്ലങ്കിലും ധാര്‍മ്മികതയുടെ അടിസ്ഥാനത്തില്‍ വിവരങ്ങള്‍ പറയേണ്ടിവരും, മാത്രമല്ല വാര്‍ത്തയില്‍ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന നടന്‍ മാനനഷ്ടത്തിന് കേസിന് പോകുമെന്ന് ഉറപ്പുള്ളതിനാല്‍ പിന്നീടായാലും തെളിവുകളും വിവരങ്ങളും കൈമാറാന്‍ പല്ലിശേരിയും സിനിമാ മംഗളവും ബാധ്യസ്ഥരുമാണ്.

പല്ലിശേരിയുടെ റിപ്പോര്‍ട്ടിലെ പ്രസക്ത ഭാഗങ്ങള്‍

നല്ല സമയത്ത് നടന്‍ ബിനാമി എന്ന നിലയില്‍ ഇരയുടെ പേരില്‍ കുറേ സ്വത്തുക്കള്‍ എഴുതിവച്ചു. നടന്റെ രണ്ടാം വിവാഹ ശേഷം അതെല്ലാം നടന്റേയോ പുതിയ ഭാര്യയുടേയോ പേരില്‍ എഴുതിവയ്പ്പിക്കണമെന്നും വിചാരിച്ചു. അതനുസരിച്ച് നടന്‍ ഇരയെ വിളിച്ചു. ഇര അന്ന് സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയം.

മൊബൈല്‍ ഫോണ്‍ വന്ന ശേഷം ഇര ദേഷ്യപ്പെട്ടും സങ്കടപ്പെട്ടും സംസാരിക്കുന്നത് ലൊക്കേഷനില്‍ പലരും ശ്രദ്ധിച്ചു. ഇരയ്ക്ക് ഒരു പ്രണയവുമുണ്ടായിരുന്നു. അവര്‍ തമ്മിലുള്ള വിവാഹവും തീരുമാനിച്ചതാണ്. അവര്‍ തമ്മിലെ സൗന്ദര്യ പിണക്കമാണെന്നാണ് പലരും വിചാരിച്ചത്. അതുകൊണ്ട് എന്താണ് കാര്യമെന്ന് ആരും തന്നെ ചോദിച്ചില്ല. മൂഡ് ഓഫ് ആയി ഇര കുറേ സമയം അഭിനയിക്കാന്‍ കഴിയാതെ ഇരുന്നു.

ഇങ്ങനെ പലപ്പോഴും നടനും നടന്റെ ആളുകളും ഇരയെ ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. എല്ലാം എഴുതി തരാന്‍ തയ്യാറാണെന്നും അത് നടന്റെ മുന്‍ഭാര്യയുടെ പേരിലേ എഴുതി നല്‍കൂവെന്നും ഇര വെളിപ്പെടുത്തി.

അന്നുമുതല്‍ വൈരാഗ്യ ബുദ്ധിയോടെ എല്ലാ രേഖകളും എങ്ങനെയെങ്കിലും പിടിച്ചു വാങ്ങണമെന്ന ചിന്തയിലായിരുന്നു. ഇരയെ കുടുക്കാനും രേഖകള്‍ സ്വന്തം പേരിലോ രണ്ടാം ഭാര്യയുടെ പേരിലോ മാറ്റാനും ശ്രമം തുടര്‍ന്നു. അതിന് ക്വട്ടേഷന്‍ നല്‍കിയത് പള്‍സര്‍ സുനിക്കായിരുന്നു. ഇരയുടെ വിവാഹം മുടങ്ങുന്ന തരത്തിലും പ്രവര്‍ത്തിക്കണമെന്ന നിര്‍ദ്ദേശം ഉണ്ടായിരുന്നതായാണ് അറിയുന്നത്. അവസരം കിട്ടിയപ്പോള്‍ പള്‍സര്‍ സുനി അത് ശരിക്കും മുതലാക്കി.

ഇത്തരം കേസുകള്‍ മുമ്പ് പലര്‍ക്ക് നേരേയും ഉപയോഗിച്ച് പണം സമ്പാദിച്ചിട്ടുണ്ടെങ്കിലും അന്ന് ഇരകളാരും മാനം നഷ്ടപ്പെടുമെന്ന് ഓര്‍ത്ത് പുറത്തു പറയുകയോ പരാതി നല്‍കുകയോ ചെയ്തില്ല. അതുപോലെ ഇപ്പോഴും പരാതി നല്‍കില്ലെന്നാണ് പള്‍സര്‍ സുനി കരുതിയത്.

ലാലിന്റെ വീട്ടില്‍ വച്ച് പൊലീസിനെ വിളിച്ച് എല്ലാം പറഞ്ഞപ്പോള്‍ കളി പാളുകയായിരുന്നു.

പ്രമുഖ നടനും ആദ്യഭാര്യയും തമ്മിലുള്ള വിഷയത്തില്‍ ആദ്യഭാര്യയ്‌ക്കൊപ്പം നിന്നതിന്റെ പേരില്‍ ഇരയ്ക്കും നടി സംയുക്താ വര്‍മ്മയുടെ ഭര്‍ത്താവ് ബിജു മേനോനും പൂര്‍ണ്ണിമാ ഇന്ദ്രജിത്തിന്റെ ഭര്‍ത്താവ് ഇന്ദ്രജിത്തിനും അവസരം നഷ്ടപ്പെട്ടതിന് പിന്നില്‍ ഇപ്പോള്‍ വിവാദനായകനായ നടനായിരുന്നുവെന്നും പല്ലിശ്ശേരി വ്യക്തമാക്കുന്നു. എന്നാല്‍ ബിജു മേനോന്റെ കഴിവിന്റെ പേരില്‍ നടന്റെ കുതന്ത്രം ഫലിച്ചില്ല. നഷ്ടം ഇരയ്ക്കും ഇന്ദ്രജിത്തിനും മാത്രമായിരുന്നുവെന്നും പല്ലിശ്ശേരി ലേഖനത്തില്‍ ചൂണ്ടികാട്ടുന്നു.

സിനിമാക്കാര്‍ക്ക് എന്തും ഏതും എത്തിച്ചു നല്‍കുന്ന സുനി പല താരങ്ങളേയും കുടുക്കാന്‍ പലതും ചിത്രീകരിച്ചുവെന്നും നടിയെ ആക്രമിച്ച കേസില്‍ കള്ളന്മാര്‍ കപ്പലില്‍ തന്നെ എന്നും പല്ലിശ്ശേരി ലേഖനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഈ വെളിപ്പെടുത്തല്‍ സംബന്ധമായി അന്വേഷണ സംഘത്തിന് നടന്റെ മുന്‍ ഭാര്യ അടക്കമുള്ള താരങ്ങളുടെ മൊഴിയും ഇനി രേഖപ്പെടുത്തേണ്ടിവരുമെന്നാണ് അറിയുന്നത്.

Top