പൊതുതാൽപ്പര്യ വ്യവഹാരത്തിന് പിന്നിലെ ‘കച്ചവടം’ കണ്ടു പിടിക്കാൻ ജോമോൻ . .

തിരുവനന്തപുരം: പൊതുതാല്‍പ്പര്യ വ്യവഹാരത്തിന്റെ മറവില്‍ തട്ടിപ്പ് നടത്തിയതിന് പായ്ച്ചിറ നവാസിനെതിരെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിനെതിരെയാണ് അന്വേഷണം.

കേസുമായി ബന്ധപ്പെട്ട് പരാതിക്കാരനായ ജോമോന്‍ പുത്തന്‍ പുരയ്ക്കലിന്റെ മൊഴി വിജിലന്‍സ് സ്‌പെഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ ഉദ്യോഗസ്ഥനായ സി ഐ അനില്‍ ജെ ജോസ് രേഖപ്പെടുത്തി.

തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ അമ്പതോളം ദുര്‍ബല പൊതുതാല്പര്യ ഹര്‍ജി നവാസ് നല്‍കി ആരോപണ വിധേയര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കാന്‍ സഹായിച്ചെന്നാണ് വിജിലന്‍സിനു നല്‍കിയ മൊഴിയില്‍ ജോമോന്‍ അറിയിച്ചത്.

പിന്നീട് തെളിവുകള്‍ നല്‍കാതെ ഹര്‍ജിയില്‍ നിന്നും പിന്‍മാറുന്നതിന് വേണ്ടി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് നവാസ് പലരില്‍ നിന്നും ലക്ഷങ്ങള്‍ സമ്പാദിച്ചുവെന്നും മൊഴിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

സര്‍ക്കാറിന്റെ രഹസ്യരേഖകള്‍ നവാസിന് ലഭിച്ചതിന് പിന്നിലും അഴിമതി നടന്നിട്ടുണ്ടെന്നും അതിനെ കുറിച്ചും അന്വേഷിക്കണമെന്നും വിജിലന്‍സിന് നല്‍കിയ മൊഴിയില്‍ ജോമോന്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ജൂണ്‍ 20 ന് വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആവശ്യപ്പെട്ടത്.

Top