ലൈംഗികാതിക്രമം; അധ്യാപകനെതിരെ പ്രതിഷേധവുമായി ജെഎന്‍യു വിദ്യാര്‍ഥികള്‍

jnu

ന്യൂഡല്‍ഹി: വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച അധ്യാപകനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ജെഎന്‍യുവിലെ വിദ്യാര്‍ഥികള്‍ വസന്ത് കുഞ്ജ് പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് വിദ്യാര്‍ഥികള്‍ക്കു നേരെ ജലപീരങ്കി പ്രയോഗിച്ചു.

ജെ.എന്‍.യു പ്രൊഫസര്‍ അതുല്‍ ജോഹ്രി വിദ്യാര്‍ഥികളെ ലൈംഗികമായി ഉപദ്രവിക്കുന്നുവെന്ന് ആരോപിച്ച് ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ കഴിഞ്ഞ മൂന്ന് ദിവസമായി കോളജില്‍ പ്രക്ഷോഭം നടത്തുകയാണ്. അധ്യാപകന്‍ ലൈംഗികമായി ഉപദ്രവിക്കുന്നുവെന്ന് സ്‌കൂള്‍ ഓഫ് ലൈഫ് സയന്‍സിലെ ഒന്‍പതോളം വിദ്യാര്‍ഥികളാണ് പരാതി നല്‍കിയിട്ടുള്ളത്.

ക്ലാസെടുക്കുന്നതിനിടെ അധ്യാപകന്‍ തങ്ങളെപ്പറ്റി മോശമായ പരാമര്‍ശങ്ങള്‍ നടത്തുന്നുവെന്നും മോശമായ രീതിയില്‍ ദേഹത്ത് സ്പര്‍ശിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി വിദ്യാര്‍ഥിനികള്‍ വസന്ത് കുഞ്ജ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് അധ്യാപകനായ അതുല്‍ ജോഹ്രിക്കെതിരെ പോലീസ് കേസെടുത്തിരുന്നു.

കേസില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാത്ത പൊലീസിനെ ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാള്‍ അടക്കമുള്ളവര്‍ വിമര്‍ശിച്ചിരുന്നു. വിദ്യാര്‍ഥിനികള്‍ക്ക് എല്ലാ പിന്തുണയും അവര്‍ വാഗ്ദാനം ചെയ്തിരുന്നു. അതിനുശേഷവും പ്രൊഫസറെ അറസ്റ്റുചെയ്യാന്‍ പോലീസ് തയ്യാറാകാത്തതില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ഥികള്‍ നിരത്തിലിറങ്ങിയത്.

Top