jishnu’s death;start allegations against college

jishnu pranoy

തൃശൂര്‍: പാമ്പാടി നെഹ്‌റു എന്‍ജിനീയറിങ് കോളേജിനെതിരെ ഗുരുതര ആരോപണങ്ങളുമായി ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്ത്. കോളേജിനെതിരെ പ്രതികരിക്കാന്‍ തുടങ്ങിയതിനെത്തുടര്‍ന്ന് അവനെ കോളേജ് മാനേജ്‌മെന്റ് കൊല്ലുകയായിരുന്നെന്ന് ശ്രീജിത്ത് പറയുന്നു.

ജിഷ്ണു കോപ്പിയടിച്ചെന്ന ആരോപിക്കപ്പെടുന്ന പരീക്ഷ ഡിസംബര്‍ മധ്യവാരത്തിലാണ് നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് പരീക്ഷ ജനുവരി മാസത്തിലേക്ക് നീട്ടിയെന്ന് കോളേജ് അധികൃതര്‍ അറിയിച്ചു. ഇതിനെത്തുടര്‍ന്ന് വിദ്യാര്‍ഥികള്‍ നാട്ടിലേക്ക് പോവുകയും ചെയ്തു. എന്നാല്‍ അടുത്തദിവസം, പരീക്ഷ ഡിസംബര്‍ അവസാനവാരം നടത്തുമെന്ന് കോളേജ് അധികൃതര്‍ വിദ്യാര്‍ഥികളെ അറിയിച്ചു. പരീക്ഷ നടത്തണമെങ്കില്‍ 15 ദിവസം മുന്‍പ് വിദ്യാര്‍ഥികളെ അറിയിക്കണമെന്നാണ് ചട്ടം.

ഇത് അറിയാമായിരുന്ന ജിഷ്ണു കോളേജ് അധികൃതരുടെ തീരുമാനത്തിനെതിരെ പ്രതികരിക്കാന്‍ തീരുമാനിച്ച് ചില മാധ്യമങ്ങളെ ബന്ധപ്പെട്ടെങ്കിലും അവര്‍ കൈയൊഴിഞ്ഞു. തുടര്‍ന്ന് ഫേസ്ബുക്കിലൂടെ പ്രതികരിക്കുകയും ക്യാമ്പയിന്‍ ആരംഭിക്കുകയും ചെയ്തിരുന്നു. ഇതാണ് നെഹ്‌റു കോളേജ് മാനേജ്‌മെന്റിനെ പ്രകോപിപ്പിച്ചത്. പ്രതികരിക്കാന്‍ തുടങ്ങിയതോടെ ജിഷ്ണുവിനെ അവര്‍ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നെന്നും ശ്രീജിത്ത് ആരോപിക്കുന്നു.

അതേസമയം ജിഷ്ണു കോപ്പിയടിച്ചതിനെ സംബന്ധിച്ച് റിപ്പോര്‍ട്ട് ലഭിച്ചിരുന്നില്ലെന്ന് എംജി സര്‍വകലാശാല പരീക്ഷ കണ്‍ട്രോളര്‍ ഡോ. ഷാബു പറഞ്ഞു. കോപ്പിയടി നടന്നിരുന്നെങ്കില്‍ ഒരുദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യുമായിരുന്നെന്നും പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് ആറോടെയാണ് കോളേജ് ഹോസ്റ്റല്‍ മുറിയില്‍, കോഴിക്കോട് വളയം അശോകന്റെ മകന്‍ ജിഷ്ണു പ്രണോയി (18)യെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയത്.

പരീക്ഷയില്‍ കോപ്പിയടിച്ചെന്ന് ആരോപിച്ച് സ്‌കൂള്‍ അധികൃതര്‍ ജിഷ്ണുവിനെ മാനസികമായി പീഡിപ്പിച്ചിരുന്നെന്നും ഇതില്‍ മനംനൊന്താണ് ജിഷ്ണു ആത്മഹത്യ ചെയ്തതെന്നുമാണ് സഹപാഠികള്‍ പറഞ്ഞിരുന്നത്. എന്നാല്‍ പഠനത്തില്‍ മികവ് പുലര്‍ത്തുന്ന ജിഷ്ണു കോപ്പിയടിക്കില്ലെന്ന് സുഹൃത്തുക്കളും ബന്ധുക്കളും അറിയിച്ചിരുന്നു.

Top