jishnu pranoy’s death-police fir

jishnu pranoy

പാമ്പാടി: ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട എഫ്.ഐ.ആര്‍ ദുര്‍ബലമെന്ന് പരാതി. പ്രതികളെ സംരക്ഷിക്കുന്ന തരത്തിലാണ് എഫ്.ഐ.ആറെന്ന് ജിഷ്ണുവിന്റെ അമ്മാവന്‍ കെ.കെ ശ്രീജിത്ത് ആരോപിച്ചു.

കോളേജില്‍ നടന്ന മാനസിക പീഡനങ്ങളെക്കുറിച്ച് യാതൊരു വിധത്തിലുള്ള സൂചനകളും നല്‍കാതെയാണ് എഫ്‌ഐആര്‍ തയ്യാറാക്കിയിരിക്കുന്നത്. അതേസമയം ഇത് പ്രഥമദൃഷ്ട്യ തയ്യാറാക്കിയ എഫ്‌ഐആര്‍ മാത്രമാണെന്നാണ് പൊലീസിന്റെ ഭാഗത്തുനിന്നുള്ള വിശദീകരണം.

കോളേജില്‍ വച്ച് നടന്ന പരീക്ഷയില്‍ കോപ്പിയടിച്ചത് ഇന്‍വിജിലേറ്റര്‍ കണ്ടു പിടിച്ചതിലുള്ള മനോവിഷമത്താല്‍ സ്വയം മരിച്ചതെന്നാണ് എഫ്‌ഐആറിലുള്ളത്. ജിഷ്ണുവിന്റെ ശരീരത്തിന്റെ പല ഭാഗങ്ങളിലും മൂക്കിനു മുകളിലും മര്‍ദ്ദനമേറ്റ പാടുകളുണ്ടായിരുന്നു.

എന്നാല്‍ ജിഷ്ണുവിന് നേരെയുണ്ടായ മാനസിക പീഡനങ്ങളെക്കുറിച്ച് യാതൊരു വിധത്തിലുമുള്ള പരാമര്‍ശവുമില്ലാത്ത പൊലീസ് റിപ്പോര്‍ട്ടിനെക്കുറിച്ച് വ്യാപക ആക്ഷേപവും ഉയരുന്നുണ്ട്.

വിശദമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളിക്കാത്ത പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് തുടര്‍ന്നുള്ള അന്വേഷണത്തേ സാരമായി ബാധിക്കുമെന്നാണ് നിലവില്‍ കണക്കുകൂട്ടുന്നത്. ഏത് അന്വേഷണം തുടര്‍ന്നുണ്ടായാലും ഈ എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാവും തുടര്‍നടപടികള്‍. ഇത് അന്വേഷണത്തിന്റെ ഗതിയെ തന്നെ ബാധിച്ചേക്കുമെന്നാണ് കരുതുന്നത്.

Top