Jishnu Pranoy’s death-government trying to stop krishnadas bail

കൊച്ചി: എഞ്ചിനീയറിംങ്ങ് കോളേജ് വിദ്യാർത്ഥി ജിഷ്ണു പ്രണോയി മരണപ്പെട്ട കേസിൽ നെഹ്റു കോളേജ് ഗ്രൂപ്പ് ചെയർമാൻ പി.കൃഷ്ണദാസിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളണമെന്ന്‌ ആവശ്യപ്പെട്ട് അന്വേഷണ സംഘം ചൊവ്വാഴ്ച ഹൈക്കോടതിയെ സമീപിക്കും.

അതീവ ഗുരുതരമായ കേസായിട്ടും നെഹ്റു കോളേജ് ഗ്രൂപ്പ് ചെയർമാനായ പ്രധാന പ്രതിയുടെ അറസ്റ്റ് തടഞ്ഞത്
അന്വേഷണ സംഘത്തെ ഞെട്ടിച്ചിരുന്നു.

ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ നേരിട്ട് ഹാജരായി വാദിച്ചിട്ടും കൃഷ്ണദാസിന് ജാമ്യം ലഭിച്ചത് ഒത്തുകളിയുടെ ഭാഗമാണെന്ന് ആരോപിച്ച് ബി ജെ പി നേതാക്കൾ ഉൾപ്പെടെയുള്ള പ്രതിപക്ഷവും രംഗത്ത് വന്നു കഴിഞ്ഞു.

കേസിൽ ശക്തമായ നടപടി പൊലീസ് സ്വീകരിച്ചിട്ടും അക്കാര്യം കോടതി മുൻപാകെ അർഹിക്കുന്ന ഗൗരവത്തോടെ അവതരിപ്പിക്കുന്ന കാര്യത്തിൽ പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയുണ്ടായതായാണ് ആരോപണം, കളക്ടര്‍ വിളിച്ചുചേര്‍ക്കുന്ന യോഗത്തില്‍ പങ്കെടുക്കണമെന്നും ആയിരക്കണക്കിനു കുട്ടികളുടെ ഭാവിയെ ബാധിക്കുന്ന പ്രശ്‌നമാണെന്നുമുള്ള വാദം പരിഗണിച്ചുമാണ് അഞ്ചുദിവസത്തേക്ക് അറസ്റ്റ് കോടതി തടഞ്ഞിരുന്നത്.

എന്നാല്‍ കൃഷ്ണദാസ് പങ്കെടുക്കണമെന്ന് കളക്ടർ ആവശ്യപ്പെട്ടിരുന്നില്ലെന്നു വ്യക്തമായതും യോഗത്തിൽ പങ്കെടുക്കണമെന്ന വാദം യോഗത്തിന് ശേഷമാണ് ഉന്നയിച്ചതെന്നതും വിവാദമായിരുന്നു. പ്രോസിക്യൂഷൻ ഇതിനെതിരെ നിലപാട് സ്വീകരിച്ചില്ലന്നാണ് ആക്ഷേപം.

സർക്കാറിനെ പ്രതിക്കൂട്ടിലാക്കുന്ന വിഷയത്തിൽ നിയമമന്ത്രി എ കെ ബാലനോട് വിശദീകരണം ആവശ്യപ്പെട്ട മുഖ്യമന്ത്രി പിണറായി, ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതേ തുടർന്നാണ് കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കിപ്പിക്കുന്നതിനു വേണ്ടി തിരക്കിട്ട നീക്കങ്ങൾ നടക്കുന്നത്.

പ്രതികൾ സമ്പന്നരും ഉന്നത തലത്തിൽ സ്വാധീനമുള്ളവരുമായതിനാൽ ജാമ്യം ലഭിക്കുന്നത് കേസ് അട്ടിമറിക്കാൻ ഉപയോഗപ്പെടുത്തുമെന്നാണ് പൊലീസിന്റെ വാദം.

പ്രതികളെല്ലാം ഒളിവിലായ സാഹചര്യത്തിൽ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് മാളത്തിൽ നിന്ന് പുറത്ത് ചാടിക്കാനാണ് മറ്റൊരു ശ്രമം.

കോപ്പിയടിച്ചു എന്ന് ആരോപിച്ച് പരീക്ഷാ ഹാളിൽ നിന്നും അദ്ധ്യാപകർ ജിഷ്ണുവിനെ എങ്ങോട്ടാണ് കൊണ്ട് പോയതെന്ന് വ്യക്തമായി അറിയാൻ കോളേജിലെ സിസിടിവി ദൃശ്യങ്ങൾ വീണ്ടെടുക്കേണ്ടതും പൊലീസിന് അനിവാര്യമാണ്.

കോളേജ് ഗ്രൂപ്പ് ചെയർമാനു പുറമെ പി ആർ ഒ സഞ്ജിത്ത് വിശ്വനാഥ്, വൈസ് പ്രിൻസിപ്പൽ എൻ കെ ശക്തിവേൽ, അധ്യാപകരായ പ്രദീപൻ, ദിവിൻ എന്നിവരാണ് ഇപ്പോഴും ഒളിവിൽ തുടരുന്നത്.

സിസിടിവി ദൃശ്യങ്ങൾ മായ്ച്ചു കളഞ്ഞതാണെന്ന് ഇതിനകം തന്നെ അന്വേഷണ സംഘത്തിന് മനസ്സിലായിട്ടുണ്ട്. ഇക്കാര്യം ഗൗരവമായി തന്നെ ഹൈക്കോടതിയെ ബോധ്യപ്പെടുത്തും. തെളിവ് നശിപ്പിച്ചതിനുളള വകുപ്പും കൂടി കേസിൽ വരുന്നുണ്ട്.

സിസിസിടി വിയുടെ ഹാർഡ് ഡിസ്ക്ക് ഫോറൻസിക്ക് ലാബിൽ കൊടുത്ത സാഹചര്യത്തിൽ ദൃശ്യങ്ങൾ വീണ്ടെടുക്കാൻ പറ്റുമെന്ന് തന്നെയാണ് ലഭിക്കുന്ന സൂചന.

സിസിടിവി ദൃശ്യങ്ങൾ മായ്ച്ചു കളഞ്ഞതിൽ നിന്ന് തന്നെ കോളേജിൽ വച്ച് ജിഷ്ണുവിന് മർദ്ദനമേറ്റു എന്ന കാര്യം വ്യക്തമാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.

ഇടിമുറിയിൽ നിന്നും ജിഷ്ണു മരിച്ച് കിടക്കുന്ന സ്ഥലത്ത് നിന്നും ലഭിച്ച രക്തക്കറ ജിഷ്ണുവിന്റേതാണെന്ന് ഫോറൻസിക് പരിശോധനയിൽ തെളിയുക കൂടി ചെയ്താൽ കേസിന്റെ ഗതിയെ തന്നെ അത് മാറ്റിമറിക്കും.

ജിഷ്ണുവിനെ കൊന്നതാണെന്ന നിലപാടിൽ കുടുംബവും സുഹൃത്തുക്കളും ഇപ്പോഴും ഉറച്ച് നിൽക്കുകയാണ്.

ഇപ്പോൾ പൊലീസിന് ലഭിച്ച തെളിവുകളെല്ലാം കോളേജ് അധികൃതർക്ക് എതിരുമാണ്. ജിഷ്ണു കോപ്പിയടിച്ചു എന്ന മാനേജ്മെന്റ് വാദമെല്ലാം പൊലീസ് തന്നെയാണ് പൊളിച്ചടിക്കിയിരിക്കുന്നത്.

Top