ജിഷ്ണു പ്രണോയ് കേസ് അന്വേഷണം ഏറ്റെടുക്കില്ലെന്ന് സിബിഐ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: പാമ്പാടി നെഹ്‌റു കോളേജില്‍ മരിച്ച ജിഷ്ണു പ്രണോയുടെ കേസ് അന്വേഷണം ഏറ്റെടുക്കില്ലെന്ന് സിബിഐ.

സുപ്രീം കോടതിയിലാണ് സിബിഐ നിലപാട് അറിയിച്ചത്.

കേസ് അന്വേഷണം സിബിഐ ഏറ്റെടുക്കില്ല. കേസ് സിബിഐ ഏറ്റെടുക്കേണ്ട സാഹചര്യവും നിലവിലില്ല. കേസ് കേരള പോലീസ് അന്വേഷിച്ചാല്‍ മതിയെന്നും സിബിഐ സുപ്രീം കോടതിയെ അറിയിച്ചു.

ജിഷ്ണു കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ ഹര്‍ജിയും കേസ് സിബിഐ ഏറ്റെടുക്കണമെന്ന ജിഷ്ണുവിന്റെ അമ്മ മഹിജ നല്‍കിയ ഹര്‍ജിയും പരിഗണിക്കുമ്പോഴാണ് സിബിഐ സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ചത്.

കേസ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടുളള കേരളത്തിന്റെ വിജ്ഞാപനം കിട്ടിയിട്ടില്ലെന്നാണ് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ സിബിഐ, കോടതിയെ അറിയിച്ചിരുന്നത്.

എന്നാല്‍, കഴിഞ്ഞ ജൂണ്‍ പതിനഞ്ചിന് വിജ്ഞാപനമിറക്കിയെന്നും രേഖാമൂലം ഇത് കേന്ദ്രത്തിനും, സിബിഐ അഭിഭാഷകനും കൈമാറിയിരുന്നുവെന്നായിരുന്നു സംസ്ഥാനസര്‍ക്കാര്‍ വാദം.

Top