ജിഷ്ണു കേസ്: ഇന്നും സുപ്രീം കോടതിയില്‍ വാദം തുടരും

jishnu pranoy

ന്യൂഡല്‍ഹി: ജിഷ്ണു പ്രണോയ്, ഷഹീര്‍ ഷൗക്കത്തലി കേസുകളില്‍ പി കൃഷ്ണദാസ് ഉള്‍പ്പെടെയുള്ള പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജികളില്‍ സുപ്രീം കോടതിയില്‍ ഇന്ന് വാദം തുടരും.

ഷഹീര്‍ ഷൗക്കത്തലി കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ കേസ് ഡയറിയുമായി ഇന്ന് ഹാജരാകണമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

കേസ് ഡയറിയിലെ സുപ്രധാന ഭാഗങ്ങളുടെ പരിഭാഷയും സമര്‍പ്പിക്കണമെന്ന് കോടതി ഉത്തരവിട്ടു. വെള്ളിയാഴ്ച വരെ സാവകാശം വേണമെന്ന കേരളത്തിന്റെ ആവശ്യവും തള്ളിയാണ് കോടതി ഇന്ന് ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത് തുടരുന്നത്.

കഴിഞ്ഞ ദിവസം സര്‍ക്കാരിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഗൗരവമുള്ള കേസുകള്‍ ഇങ്ങനെയാണോ പൊലീസ് കൈകാര്യം ചെയ്യുന്നതെന്ന് കോടതി ചോദിച്ചു. കേസ് അന്വേഷിക്കാന്‍ പൊലീസിന് താല്‍പര്യമില്ലേയെന്നും കോടതി ആരാഞ്ഞു. കേസ് ഡയറി ഇന്ന് തന്നെ ഹാജരാക്കണമെന്ന് പറഞ്ഞ കോടതി അന്വേഷണ ഉദ്യോഗസ്ഥര്‍ നേരിട്ട് ഹാജരാകണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കേസ് സിബിഐക്ക് വിടണമെന്ന ജിഷ്ണുവിന്റെ അമ്മ മഹിജയുടെ ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ വിമര്‍ശനം.

കഴിഞ്ഞ തവണ കേസ് പരിഗണിക്കവെ സിബിഐയെയും കോടതി രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. കേസ് ഏറ്റെടുക്കുന്ന കാര്യത്തില്‍ മറുപടി നല്‍കാന്‍ വൈകിയതോടെയാണ് കോടതി സിബിഐയെ വിമര്‍ശിച്ചത്. കേസ് ഏറ്റെടുക്കാന്‍ കഴിയില്ലെന്ന കാര്യം രേഖാമൂലം അറിയിക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു.

Top