jio happy new year offer in trouble

Master jio logo

ന്യൂഡല്‍ഹി: റിലയന്‍സ് ജിയോയുടെ ‘ഹാപ്പി ന്യു ഇയര്‍’ഓഫറി’ന് ട്രായ് വിശദീകരണം ആവശ്യപ്പെട്ടു. സൗജന്യ ഡാറ്റവോയ്‌സ് ഓഫര്‍ നീട്ടി നല്‍കിയത് സംബന്ധിച്ച് ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) റിലയന്‍സ് ജിയോ ഇന്‍ഫോകോമിനോട് വിശദീകരണം ആവശ്യപ്പെട്ടു.

സൗജന്യ ഓഫറുകള്‍ക്ക് 90 ദിവസത്തില്‍ കൂടുതല്‍ ദൈര്‍ഘ്യം പാടില്ലെന്ന ട്രായ്‌യുടെ നിബന്ധന ലംഘിച്ചതായി ചൂണ്ടിക്കാട്ടിയാണ് വിശദീകരണം ചോദിച്ചിരിക്കുന്നത്.

ജിയോയുടെ ‘വെല്‍കം’ ഓഫറും പിന്നീട് നല്‍കിയ ‘ഹാപ്പി ന്യൂ ഇയര്‍’ ഓഫറും തമ്മില്‍ എന്ത് വ്യത്യാസമാണ് ഉള്ളതെന്ന് വ്യക്തമാക്കണമെന്നാണ് ട്രായ് ആവശ്യപ്പെട്ടിരിക്കുന്നത്.

വിശദീകരണം ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് ജിയോയ്ക്ക് നല്‍കിയതായി ട്രായ് അധികൃതര്‍ പറഞ്ഞു. ഡിസബര്‍ 20ന് ആണ് ട്രായ് കത്ത് നല്‍കിയത്. അഞ്ചു ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരുന്നത്.

ഈ വിഷയം സബന്ധിച്ച് സൂക്ഷ്മമായി പഠിച്ചു വരികയാണെന്നും ട്രായ് വ്യക്തമാക്കി.

ഡിസബര്‍ ഒന്നു മുതലാണ് നിലവിലുള്ള ഉപയോക്താക്കള്‍ക്കും പുതിയ ഉപയോക്താക്കള്‍ക്കുമായി ‘ഹാപ്പി ന്യൂ ഇയര്‍’ എന്ന പേരില്‍ പരിധിയില്ലാത്ത സൗജന്യ ഡാറ്റയും കോളുകളും ലഭ്യമാക്കുന്ന പുതിയ ഓഫര്‍ നല്‍കിത്തുടങ്ങിയത്.

‘വെല്‍കം’ ഓഫര്‍ എന്ന പേരില്‍ സൗജന്യ ഡാറ്റയും ഫോണ്‍ കോളുകളും നല്‍കുന്ന ഓഫര്‍ സെപ്തംബര്‍ മുതല്‍ മൂന്നു മാസത്തേയ്ക്ക് നല്‍കിയിരുന്നു. ഇത് അവസാനിക്കുന്നതോടെ പുതിയ ഓഫര്‍ നിലവില്‍ വരികയും ചെയ്തു.

പഴയ ഓഫറിന്റെ തുടര്‍ച്ച തന്നെയാണ് രണ്ടാമത് നല്‍കിയ ഓഫറും എന്ന് ഒറ്റ നോട്ടത്തില്‍ വ്യക്തമാണെന്ന് ട്രായ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു.

ഡാറ്റ ഉപയോഗത്തിന്റെ കാര്യത്തിലുള്ള നേരിയ വ്യത്യാസം മാത്രമാണ് പുതിയ ഓഫറിനുള്ളത്. മറ്റൊരു മൊബൈല്‍ സേവന ദാതാവായ ഭാരതി എയര്‍ടെല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ട്രായ് ജിയോയ്‌ക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.

Top