വിപണി കീഴടക്കാന്‍ ജീപ്പ് കോംപാസ് എത്തുന്നത് അഞ്ച് വ്യത്യസ്ത വകഭേദങ്ങളില്‍

ജീപ്പ് കോംപാസ് പെട്രോള്‍-ഡീസല്‍ എഞ്ചിന്‍ ഒപ്ഷനില്‍ പുറത്തിറങ്ങുന്നത് അഞ്ചു വ്യത്യസ്ത വകഭേദങ്ങളില്‍.

ആഗസ്റ്റിലായിരിക്കും ഇന്ത്യ കാത്തിരിക്കുന്ന മെയ്ക്ക് ഇന്‍ ഇന്ത്യ ജീപ്പ് കോംപാസ് വിപണിയില്‍ എത്തുക.

പൂണെയിലെ രംഞ്ജന്‍ഗോവന്‍ പ്ലാന്റില്‍ നിര്‍മ്മാണം ആരംഭിച്ച കോംപാസ് സ്‌പോര്‍ട്ട്, ലോഞ്ചിട്യൂഡ്, ലോഞ്ചിട്യൂഡ് (o), ലിമിറ്റഡ്, ലിമിറ്റഡ് (o) എന്നീ അഞ്ചു വ്യത്യസ്ത മുഖങ്ങളാണ് ഇന്ത്യയ്ക്ക് സമ്മാനിക്കുക.

കോംപാസ് നിരയിലെ ബേസ് മോഡലായ സ്‌പോര്‍ട്ട് പെട്രോല്‍ഡീസല്‍ വകഭേദങ്ങളില്‍ ലഭ്യമാണെങ്കിലും 6 സ്പീഡ് മാനുവല്‍ മാത്രമാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍. ഓട്ടോമാറ്റിക് ആയിരിക്കില്ല. മുന്നില്‍ രണ്ട് എയര്‍ബാഗ്, എബിഎസ്, ഇബിഡി, സ്‌റ്റെബിലിറ്റി ആന്‍ഡ് ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവ ഉള്‍പ്പെടുത്തിയ കോംപാസ് 16 ഇഞ്ച് സീറ്റീല്‍ വീലാണ് മുന്നോട്ടു നയിക്കുക. 5 ഇഞ്ച് യുകണക്റ്റ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്‌മെന്റ് സിസ്റ്റം പുത്തന്‍ സ്‌പോര്‍ട്ട് പതിപ്പിലുണ്ട്.

ഡീസല്‍ എഞ്ചിനില്‍ മാത്രമാണ് കോംപാസ് ലോഞ്ചിട്യൂഡ് വിപണിയിലെത്തുക. വീല്‍ സൈസ് 17 ഇഞ്ചാണ്. ഫോഗ് ലാമ്പിനോടൊപ്പം കീലെസ്‌ഗോ, പാര്‍ക്കിങ് സെന്‍സര്‍ സംവിധാനങ്ങളുണ്ട്.

മെക്കാനിക്കല്‍ ഫീച്ചേര്‍സില്‍ ലോഞ്ചിട്യൂഡിന് സമാനമാണ് ലോഞ്ചിട്യൂഡ് ഓപ്ഷണല്‍. ഡീസല്‍ എഞ്ചിനില്‍ മാത്രമാണ് ലഭ്യമാകുക. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍ പ്ലേ കണക്റ്റിവിറ്റിയുള്ള 7 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്‌മെന്റ് സിസ്റ്റം എന്നിവയും സ്ഥാനം പിടിച്ചിട്ടുണ്ട്. ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ സംവിധാനവും പ്രൊജക്റ്റര്‍ ഹെഡ്‌ലാംമ്പ്, റിയര്‍ പാര്‍സല്‍ ട്രെയും ഇതിലുണ്ടാകും.

ജീപ്പ് കോംപാസിലെ ഏറ്റവും ഉയര്‍ന്ന വകഭേദമാണ് ലിമിറ്റഡ് (o). എച്ച്‌ഐഡി ഹെഡ്‌ലാംമ്പ്, കറുപ്പ് റൂഫ് എന്നിവയാണ് ലിമിറ്റഡില്‍നിന്ന് ഓപ്ഷണലിനുള്ള വ്യത്യാസങ്ങള്‍.

1.4 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 160 ബിഎച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കുമേകുന്നതാണ് ജീപ്പ് കോംപാസ്. 2.0 ലിറ്റര്‍ ഡീസല്‍ പതിപ്പ് 170 ബിഎച്ച്പി കരുത്തും 350 എന്‍എം ടോര്‍ക്കുമേകും. ജപ്പാന്‍, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍ നിന്നും കോംപാസ് കയറ്റി അയക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.

Top