കൊലക്കേസ് പ്രതികളെ സ്വീകരിച്ച നടപടിയില്‍ ഖേദം പ്രകടിപ്പിച്ച് ജയന്ത് സിന്‍ഹ

jayanth-sinha

ന്യൂഡല്‍ഹി: അലിമുദ്ദീന്‍ അന്‍സാരി വധക്കസിലെ പ്രതികളെ സ്വീകരിച്ച നടപടിയില്‍ ഖേദം പ്രകടിപ്പിച്ച് കേന്ദ്ര മന്ത്രി ജയന്ത് സിന്‍ഹ. പ്രതികളെ പൂമാലയിട്ട് സ്വീകരിച്ച നടപടി തെറ്റായെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നെന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍.

രാജ്യവ്യാപകമായി കടുത്ത വിമര്‍ശനം ഉയര്‍ന്നതോടെയാണ് അലിമുദ്ദീന്‍ അന്‍സാരി വധക്കേസിലെ പ്രതികളെ പൂമാലയിട്ട് സ്വീകരിച്ച നടപടയില്‍ കേന്ദ്ര മന്ത്രി ജയന്ത് സിന്‍ഹ ഖേദം പ്രകടിപ്പിച്ചത്. നിയമം അതിന്റെ വഴിക്ക് പോകും കുറ്റക്കാര്‍ ശിക്ഷിക്കപ്പെടും നിരപരാധികള്‍ സ്വതന്ത്രരാവും.

പ്രതികള്‍ക്ക് മാലയിട്ടതിലൂടെ താന്‍ ഇത്തരത്തിലുള്ള അക്രമത്തെ പിന്തുണക്കുന്നയാളാണെന്ന പ്രതീതിയുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു സിന്‍ഹ പറഞ്ഞു. രാംഗഢ് ആള്‍ക്കൂട്ട കൊലപാതക കേസില്‍ ജാമ്യം ലഭിച്ച പ്രതികള്‍ക്കാണ് ജയന്ത് സ്വീകരണം നല്‍കിയത് ഇതേ തുടര്‍ന്ന് അദ്ദേഹത്തിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. മന്ത്രി രാജിവയ്ക്കണമെന്ന ആവശ്യവുമായിരുന്നു പ്രതിഷേധത്തിലേറിയ പങ്കും.

ഹാര്‍വാര്‍ഡ് സര്‍വകലാശാല പൂര്‍വവിദ്യാര്‍ത്ഥി പട്ടികയില്‍ നിന്നും ജയന്ത് സിന്‍ഹയെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും ഹാര്‍വാര്‍ഡ് സര്‍വകലാശാല പൂര്‍വവിദ്യാര്‍ത്ഥികളും രംഗത്തു വന്നിരുന്നു.

പശു കടത്താരോപിച്ച് അലീമുദ്ദീന്‍ അന്‍സാരിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ എട്ട് പേരെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹ ഹാരമണിയിച്ചും മധുരം നല്‍കിയും സ്വീകരിച്ചത്.

ജയന്ത് സിന്‍ഹ ഒന്നിനും കൊള്ളാത്തവനായെന്നായിരുന്നു സംഭവത്തില്‍ പിതാവും മുന്‍ ബി.ജെ.പി നേതാവുമായ യശ്വന്ത് സിന്‍ഹയുടെ പ്രതികരണം.

Top