jayalalitha’s funeral

ചെന്നൈ: രാജ്യത്തെ ഒരു രാഷ്ട്രീയ നേതാവിനും കിട്ടാത്ത അപൂവ്വയാത്രാമൊഴിയോടെ ജയലളിത ഓര്‍മ്മയായി. പതിനായിരങ്ങള്‍ പങ്കെടുത്ത വിലാപയാത്രയും, ലക്ഷങ്ങള്‍ തടിച്ചുകൂടിയ മറീന ബീച്ചും ചരിത്രത്തില്‍ ഇടം നേടി.

രാഷ്ട്രീയ ഗുരുവായ എം.ജി.ആറിന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത ജനാവലിയേക്കാള്‍ ഇരട്ടിയിലധികം പേരാണ് ജയലളിതയുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത്. ഔദ്യോഗിക കണക്ക്പ്രകാരം ആറ് ലക്ഷത്തിലധികം പേര്‍ എത്തിയതായാണ് കണക്കാക്കപ്പെടുന്നത്. അലങ്കരിച്ച പട്ടാളവാഹനത്തിലായിരുന്നു വിലാപയാത്ര.

ജയലളിതക്ക് ആദരാജ്ഞലികള്‍ അര്‍പ്പിക്കാന്‍ രാഷ്ട്രപതിയും, പ്രധാനമന്ത്രിയുമടക്കം രാജ്യമൊന്നാകെ ചെന്നെയിലെത്തി. വിലാപയാത്രയില്‍ പങ്കെടുത്ത പലരും ദുഃഖം സഹിക്കാനാവാതെ കുഴഞ്ഞുവീണു. നേരത്തെ ഒന്‍പത് പേര്‍ ജയലളിതയുടെ വിയോഗം താങ്ങാനാവാതെ ജീവന്‍ വെടിഞ്ഞിരുന്നു.

മറീന ബീച്ചിലെ ആര്‍ത്തിരമ്പുന്ന തിരമാലകളെ പോലും കണ്ണീര്‍ കൊണ്ട് നനച്ചു തമിഴ് ജനത.മൂന്ന് സേനാവിഭാഗങ്ങളും അവര്‍ക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി.

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ജയയ്ക്ക് അന്തിമോപചാരം അര്‍പ്പിച്ചു. ജയലളിതയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരും നിരവധി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും എത്തിയിരുന്നു.

ഡിഎംകെ നേതാക്കളായ എം.കെ.സ്റ്റാലിനും കനിമൊലിയും രാജാജി ഹാളിലെത്തി ജയലളിതയ്ക്ക് അന്തിമോപചാരം അര്‍പ്പിച്ചു. തമിഴ് സിനിമാ ലോകത്തുനിന്ന് നിരവധിപ്പേര്‍ ആദരാഞ്ജലി അര്‍പ്പിക്കാനെത്തി. പഴയകാല അഭിനേതാക്കാളും എത്തിയിരുന്നു. നടന്‍ രജനീകാന്ത് കുടുംബസമേതമാണ് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയത്.

ജയലളിതയുടെ നിര്യാണത്തില്‍ അനുശോചിച്ചു കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് ഒരു ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ദേശീയ പതാകകള്‍ പകുതി താഴ്ത്തിക്കെട്ടി. ഉത്തരാഖണ്ഡ്, കര്‍ണാടക, ബിഹാര്‍ സംസ്ഥാനങ്ങളും ഒരു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ശ്രീലങ്കയിലെ കച്ചിത്തീവിലുള്ള സെന്റ് ആന്റണീസ് പള്ളിയില്‍ നാളെ നടക്കാനിരുന്ന പെരുന്നാള്‍ ജയയോടുള്ള ആദരസൂചകമായി പിന്‍വലിച്ചു.

തമിഴ്‌നാട്ടില്‍ ഏഴു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു മൂന്നു ദിവസം അവധിയാണ്. സുരക്ഷാപ്രശ്‌നമുണ്ടാകാതിരിക്കാന്‍ പൊലീസ് അതീവ ജാഗ്രതയിലാണ്. തമിഴ്‌നാട്ടില്‍ പലയിടത്തും ബന്ദിന്റെ പ്രതീതിയാണ്. തമിഴ്‌നാട്ടിലെ പ്രധാന സ്ഥലങ്ങളിലെല്ലാം പൊലീസ് സാന്നിധ്യം ശക്തമാണ്. പൊലീസിനൊപ്പം കേന്ദ്രസേനയും രംഗത്തുണ്ട്. കേരള. കര്‍ണാടക, തെലങ്കാന അതിര്‍ത്തികളില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Top