ജയലളിതയുടെ മകളാണെന്ന യുവതിയുടെ അവകാശവാദം; ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മകളാണെന്ന അവകാശ വാദവുമായി എത്തിയ ബെംഗളൂരു യുവതിയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി.

ജയലളിത തന്റെ അമ്മയാണെന്ന് തെളിയിക്കുന്നതിനായി ഡിഎന്‍എ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് ബെംഗളൂരു സ്വദേശിനിയായ അമൃത സമർപ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്.

ഇക്കാര്യത്തില്‍ അമൃതയ്ക്ക് ഹൈക്കോടതിയെ സമീപിക്കാമെന്ന് ജസ്റ്റിസുമാരായ എംബി. ലോക്കൂര്‍, ദീപക് ഗുപ്ത എന്നിവര്‍ അധ്യക്ഷരായ ബെഞ്ച് നിരീക്ഷിച്ചു.

1980 ആഗസ്ത് 14 ന് ജയലളിതയുടെ മൈലാപ്പൂരിലെ വസതിയിലാണ് തനിക്ക് ജന്മം നല്‍കിയതെന്നും ബ്രാഹ്മണ കുടുംബത്തിന്റെ അന്തസ്സ് നശിക്കാതിരിക്കാന്‍ രഹസ്യമായി വെയ്ക്കുകയായിരുന്നുവെന്നും അമൃത പരാതിയില്‍ സൂചിപ്പിച്ചിരുന്നു.

അമൃതയുടെ അമ്മായിമാരായ എല്‍.എസ്. ലളിതയും രഞ്ജിനി രവീന്ദ്രനാഥും കേസില്‍ കക്ഷികളാണ്. ജയലളിതയുടെ അര്‍ധ സഹോദരിമാരായ ഇരുവരും അമൃതയുടെ അവകാശവാദം അംഗീകരിച്ചിട്ടുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Top