Jayalalitha-death-oppose-parties-aim-ADMK

ചെന്നൈ: തലൈവി നഷ്ടപ്പെട്ട അണ്ണാഡിഎംകെയെ പിളര്‍ത്താന്‍ പ്രതിപക്ഷ കരുനീക്കം.

പ്രധാനപ്രതിപക്ഷമായ ഡിഎംകെ, ഒരുകാലത്ത് ജയലളിതയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന എംഡിഎംകെ നേതാവ് വൈകോ എന്നിവരുടെ നേതൃത്വത്തില്‍ അസംതൃപ്തരെ ലക്ഷ്യമിട്ട് ചരടുവലി നടത്താന്‍ നീക്കം തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.

ജയലളിതയുടെ പിന്‍ഗാമിയായി ഭരണത്തില്‍ പനീര്‍ശെല്‍വം അവരോധിക്കപ്പെട്ടെങ്കിലും പാര്‍ട്ടിയിലെ പരമാധികാര പദവിയായ അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറി പദത്തിലേക്ക് ഇതുവരെ ആരെയും പ്രതിഷ്ഠിച്ചിട്ടില്ല.ഈ രണ്ട് പദവികളും മരണം വരെ ജയലളിത തന്നെയാണ് കൈകാര്യം ചെയ്തിരുന്നത്.

ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ജയലളിതയുടെ തോഴി ശശികല, പാര്‍ട്ടി നേതാവ് തമ്പി ദുരൈ എന്നിവരുടെ പേരുകളാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. വില്‍പ്പത്രത്തില്‍ തന്റെ പിന്‍ഗാമിയെ കുറിച്ച് ജയലളിത നല്‍കുന്ന സൂചനയായിരിക്കും ഇതില്‍ നിര്‍ണ്ണായകമാവുക.

unnamed-11

ശശികല പാര്‍ട്ടി നേതൃതലത്തിലേക്ക് വന്നാല്‍ അത് വലിയ പ്രത്യാഘാതം അണ്ണാ ഡിഎംകെയിലുണ്ടാക്കുമെന്നും പാര്‍ട്ടി പിളരുമെന്നുമാണ് ഡിഎംകെ അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതീക്ഷിക്കുന്നത്. മറിച്ച് മറ്റാരെങ്കിലുമായാല്‍ ശശികല വെറുതെയിരിക്കുകയുമില്ല. ഈ സാഹചര്യങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാവുമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍.

ജയലളിതയുടെ അസുഖം സംബന്ധിച്ച് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട ലോക്‌സഭാംഗം ശശികല ചില സംശയങ്ങള്‍ പുറപ്പെടുവിച്ച് രംഗത്ത് വന്നതും ഇതിനകം വിവാദമായിട്ടുണ്ട്.ആരോഗ്യവതിയായ ജയലളിത പെട്ടെന്ന് എങ്ങനെ രോഗത്തിന് അടിമയായി എന്നത് സംശയകരമാണെന്നാണ് എംപി പ്രതികരിച്ചിരുന്നത്.

DMK

92കാരനായ കരുണാനിധി തന്നെയാണ് ഇപ്പോഴും ജയലളിത കഴിഞ്ഞാല്‍ തമിഴ്‌നാട്ടില്‍ ഏറ്റവമധികം ജനസ്വാധീനമുള്ള രാഷ്ട്രീയ നേതാവ്. അദ്ദേഹത്തിന് ഇനിയൊരു രാഷ്ട്രീയ അങ്കത്തിനുള്ള ആരോഗ്യമില്ലെങ്കിലും മകന്‍ സ്റ്റാലിനടക്കം വലിയ ഒരു അറിയപ്പെടുന്ന താരനിര ഡിഎംകെക്കുണ്ട്.

കേഡര്‍ പാര്‍ട്ടി കൂടിയാണ് ഡിഎംകെ. അതുകൊണ്ട് തന്നെ നാഥനില്ലാത്ത അണ്ണാഡിഎംകെയുടെ അവസ്ഥയെ വളരെ പ്രതീക്ഷയോട് കൂടിയാണ് ഡിഎംകെ നേതൃത്വം നോക്കിക്കാണുന്നത്.

എംഡിഎംകെ നേതാവും തീപ്പൊരി പ്രാസംഗികനുമായി വൈകോ, നടന്‍ വിജയകാന്തിന്റെ ഡിഎംഡികെ പാര്‍ട്ടി എന്നിവരും അണ്ണാ ഡിഎംകെ അണികളെയും നേതാക്കളെയും ലക്ഷ്യമിടുന്നുണ്ട്.

vaiko

പുതിയ പാര്‍ട്ടി ജനറല്‍ സെക്രട്ടറി അവരോധിക്കപ്പെടുന്നതോടെ പൊട്ടിത്തെറി പ്രതീക്ഷിച്ചിരിക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍.

തമിഴക ചരിത്രം തിരുത്തി രണ്ടാം തവണയും വന്‍ ഭൂരിപക്ഷത്തോടെ അണ്ണാ ഡിഎംകെ അധികാരത്തില്‍ വന്നത് വന്‍ തിരിച്ചടിയാണ് പ്രതിപക്ഷത്തിനുണ്ടാക്കിയിരുന്നത്.

സിനിമയും രാഷ്ട്രീയവും ഇടകലര്‍ന്ന തമിഴകത്ത് തന്റെ പിന്‍ഗാമി സൂപ്പര്‍താരനിരയിലെ പ്രമുഖനായിരിക്കണമെന്നായിരുന്നു ജയലളിത ആഗ്രഹിച്ചതെന്ന വിവരവും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്.

ജയലളിതക്കും പാര്‍ട്ടിക്കും ഒരുകാലത്ത് വലിയ കളങ്കമുണ്ടാക്കിയ ശശികലയെയും വളര്‍ത്തുമകന്‍ സുധാകരനെയും ഒരിക്കലും തന്റെ പിന്‍ഗാമിയായി ജയ കണ്ടിരുന്നില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാണിക്കുന്നത്.

കാര്യങ്ങള്‍ എന്തായാലും ജയയുടെ വിടവാങ്ങല്‍ തമിഴ് രാഷ്ട്രീയത്തില്‍ തന്നെ ശൂന്യത സൃഷ്ടിച്ചിരിക്കുകയാണ്.

ജയലളിത തന്റെ ഏക്കാലത്തെയും എതിരാളി കരുണാനിധിക്ക് മുന്നില്‍ ജനങ്ങളില്‍ തനിക്കുള്ള സ്വാധീനം ദൃശ്യമാക്കി കൊടുത്താണ് ഇപ്പോള്‍ വിട ചൊല്ലിയിരിക്കുന്നത്. മരണത്തിലും വിജയം വരിച്ച ജേതാവിന്റെ തലയെടുപ്പോടെ..

Top