ജപ്പാൻ തമിഴ് സിനിമയെ സ്നേഹിക്കുന്നു ; ടോക്കിയോ ഫിലിം ഫെസ്റ്റിവലിൽ വിക്രം വേദയും

1980 കളുടെ അവസാനത്തിലും 1990 കളുടെ തുടക്കത്തിലും തമിഴ് സിനിമകൾ ജപ്പാനിൽ സൂപ്പർ ഹിറ്റുകളായിരുന്നു.

പ്രത്യേകിച്ച് രജനികാന്ത് എന്ന സൂപ്പർ സ്റ്റാറിന്റെ സിനിമകൾ. രജനികാന്തിന്റെ വൈവിധ്യമാർന്ന കഥാപാത്രങ്ങളാണ് ജാപ്പനീസുകാരുടെ ആരാധന വർധിപ്പിച്ചത്.

തമിഴ് നാട്ടിലെ താര രാജാവ് അങ്ങനെ ജപ്പാൻകാരുടെ മനസിലും സൂപ്പർ ഹീറോയായി മാറി.

അതിനാൽ തന്നെ ടോക്കിയോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യൻ സിനിമകളിൽ തമിഴ് പതിപ്പുകൾ തിരഞ്ഞെടുത്തപ്പോൾ അതിശയിക്കേണ്ട ആവിശ്യമില്ല. പക്ഷെ ജാപ്പനീസ് ജനത തമിഴ് സിനിമകളോട് കാണിക്കുന്ന ഇഷ്ടം നാം അംഗീകരിച്ചു നൽകേണ്ടതാണ്.

കഴിഞ്ഞ വർഷത്തെ ഫെസ്റ്റിവലിൽ മാധവൻ നായകനായ ഇരുധി സുട്രു എന്ന ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ബോക്സിംഗ് ടീമിന്റെ പരിശീലകനായാണ് മാധവൻ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. ചിത്രം ടോക്കിയോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഹിറ്റ് ആയിരുന്നു.

ഈ വർഷം വീണ്ടും മാധവന് അഭിമാന നിമിഷം കൂടിയാണ്. മാധവനും വിജയ് സേതുപതിയും മാസ്മരിക അഭിനയം കാഴ്ചവെച്ച വിക്രം വേദയും ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. എൻകൗണ്ടർ ഓഫീസറുടെയും,ഗുണ്ടാത്തലവന്റെയും കഥ പറഞ്ഞ ചിത്രം മികച്ച വിജയം നേടിയിരുന്നു.

ഇന്ത്യൻ ഭാഷകളിലെ സിനിമകളോട് ജാപ്പനീസ് പ്രേക്ഷകർ കാണിക്കുന്ന ആരാധന നമ്മുടെ സിനിമകളിൽ നിന്ന് പഠിക്കാൻ ഒരുപാട് ഉണ്ടെന്ന് സത്യമാണ്.

ചലച്ചിത്ര ലോകത്ത് ഇന്ത്യൻ സിനിമകൾ എഴുതിയ ചരിത്രങ്ങൾ മറ്റ് രാജ്യങ്ങൾ അന്വേഷിക്കുകയും,അവയെ പഠിക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ ലഭിക്കുന്നത് ഇന്ത്യൻ സിനിമയിലെ പൂർവികർ കോർത്തിണക്കിയ സൃഷ്ടികൾക്ക് ലഭിക്കുന്ന അംഗീകാരമാണ്.

റിപ്പോർട്ട് : രേഷ്മ പി.എം

Top