janayugom slams pinaray vijayan-munnar issue

തിരുവനന്തപുരം: ഇടുക്കി പാപ്പാത്തിച്ചോലയിലെ കൈയേറ്റ ഭൂമിയില്‍ സ്ഥാപിച്ചിരുന്ന കുരിശ് റവന്യൂ വകുപ്പ് പൊളിച്ചുനീക്കിയ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ തള്ളി സിപിഐ മുഖപത്രം ജനയുഗം.

പാപ്പാത്തിച്ചോലയിലെ നടപടി ക്രൈസ്തവ സഭകള്‍ സ്വാഗതം ചെയ്തതാണ്. സര്‍ക്കാര്‍ നടപടിയെ എതിര്‍ക്കുന്നവര്‍ ഭൂ റിസോര്‍ട്ട് മാഫിയയുടെ കയ്യാളുകളാണ്. പാപ്പാത്തിച്ചോലയിലെ മതപ്രതീകങ്ങളുടെ ദുരുപയോഗത്തെ പിന്തുണയ്ക്കാന്‍ ശ്രമിക്കുന്നവര്‍ അന്ധവിശ്വാസങ്ങള്‍ക്കു കവചമൊരുക്കുന്നുവെന്നു ജനയുഗത്തിന്റെ മുഖപ്രസംഗത്തില്‍ പറയുന്നു.

സീസര്‍ക്കുള്ളത് സീസര്‍ക്കും ദൈവത്തിനുള്ളത് ദൈവത്തിനും എന്ന തലക്കെട്ടിലാണ് ജനയുഗത്തിന്റെ മുഖപ്രസംഗം.

പാപ്പാത്തിച്ചോലയില്‍ കുരിശ് നീക്കം ചെയ്തതിനെ രൂക്ഷഭാഷയിലാണ് മുഖ്യമന്ത്രി വിമര്‍ശിച്ചത്. നടപടി സര്‍ക്കാര്‍ വിരുദ്ധ വികാരത്തിന് വഴിവെക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ ഈ നിലപാടിനെ ഖണ്ഡിച്ചു കൊണ്ടാണ് സിപിഐ മുഖപ്രസംഗം.

പാപ്പാത്തിചോലയില്‍ കൈയ്യേറ്റ ഭൂമിയില്‍ സ്ഥാപിച്ച കുരിശ് നീക്കം ചെയ്തതിനെ ക്രിസ്തീയ സഭകള്‍ ഒന്നടങ്കം സ്വാഗതം ചെയ്തതാണ്. മതപ്രതീകങ്ങളുടെ മറവില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറ്റം ചെയ്ത രീതിയെ ആരും തന്നെ ന്യായീകരിച്ചുമില്ല. ക്രിസ്തുമത സമൂഹങ്ങള്‍ പൊതുവില്‍ അപലപിക്കാന്‍ മുതിര്‍ന്ന മതപ്രതീകങ്ങളുടെ ദുരുപയോഗത്തെ പിന്തുണക്കാന്‍ ശ്രമിക്കുന്നവര്‍ ഫലത്തില്‍ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും സംരക്ഷണ കവചമൊരുക്കി പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നതെന്നും മുഖപ്രസംഗം വിമര്‍ശിക്കുന്നു.

എല്‍ഡിഎഫ് അധികാരത്തില്‍ വന്ന അവസരങ്ങളിലൊക്കെ കയ്യേറ്റം ഒഴിപ്പിക്കാന്‍ ശ്രമങ്ങള്‍ നടന്നിരുന്നു. എന്നാല്‍ നിക്ഷിപ്ത താല്‍പര്യക്കാര്‍ ഉയര്‍ത്തിയ കന്മതിലുകള്‍ അതിനെ പ്രതിരോധിക്കുകയായിരുന്നു. ഭൂറിസോര്‍ട്ട് മാഫിയ സംഘങ്ങളാണ് ഇതിനു പിന്നില്‍. ഭൂരഹിത കുടിയേറ്റക്കാരെ കവചമാക്കിയാണ് ഇവര്‍ കൈയ്യേറ്റക്കാര്‍ക്കായി പ്രതിരോധമുയര്‍ത്തുന്നതെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

Top