പുതുവൈപ്പിന്‍ പൊലീസ് നടപടി സര്‍ക്കാര്‍ നയങ്ങളെ വികൃതവും അപഹാസ്യവുമാക്കി, സിപിഐ മുഖപത്രം

തിരുവനന്തപുരം: പുതുവൈപ്പിനില്‍ എല്‍പിജി ടെര്‍മിനലിനെതിരെ നടന്നുവന്ന ജനകീയ സമരത്തിനു നേരെ ഉണ്ടായ പോലീസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ മുഖപത്രം ജനയുഗം.

പുതുവൈപ്പിലെ പോലീസിന്റെ നടപടി എല്‍ഡിഎഫിന്റെ നയങ്ങളെ വികൃതവും അപഹാസ്യവുമാക്കിയെന്ന് ജനയുഗത്തിന്റെ മുഖപ്രസംഗം കുറ്റപ്പെടുത്തി.

സര്‍ക്കാരിന്റെ പൊലീസ് നയം മുഖ്യമന്ത്രി പ്രവൃത്തിയിലൂടെ കാണിച്ച് കൊടുക്കണം. സിംഗൂരില്‍ നിന്നും നന്ദിഗ്രാമില്‍ നിന്നും പാഠമുള്‍ക്കൊള്ളാന്‍ ഇടതുപക്ഷം തയാറാകണം ജനയുഗം വ്യക്തമാക്കി. പോലീസ് അതിക്രമത്തെക്കുറിച്ച് നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം വേണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും മുഖപ്രസംത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തെ, പുതുവൈപ്പില്‍ സമാധാനപരമായി നടന്ന സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാന്‍ ശ്രമിക്കുന്നവര്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രതിഛായ തകര്‍ക്കാന്‍ ശ്രമിക്കുന്നവരാണെന്നും നരനായാട്ടിന് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥരുടെ പേരില്‍ നടപടിയെടുക്കണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു.

ഹൈക്കോടതി ഉത്തരവിന്റെ പേരില്‍ പോലീസ് കാണിച്ചത് ക്രൂരമായ നടപടിയാണെന്നും ജാഥ പോകുന്നതിന്റെ പിറകെ പോയി അടിക്കുന്ന പോലീസ് എല്‍ഡിഎഫിനെ അപകീര്‍ത്തിപ്പെടുത്തി പ്രതിഛായ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും കാനം കുറ്റപ്പെടുത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് ജനയുഗം മുഖപ്രസംഗത്തില്‍ ശക്തമായ വിമര്‍ശനം രേഖപ്പെടുത്തിയത്.

Top