കശ്മീരില്‍ തീവ്രവാദികള്‍ പൊലീസുകാരനെ തട്ടിക്കൊണ്ടു പോയതായി ബന്ധുക്കള്‍

ശ്രീനഗര്‍: ജമ്മു-കശ്മീരില്‍ പൊലീസുകാരനെ തട്ടിക്കൊണ്ടു പോയതായി ബന്ധുക്കള്‍. തീവ്രവാദികള്‍ എന്നു സംശയിക്കുന്നവരാണ് തട്ടിക്കൊണ്ടു പോയിരിക്കുന്നത്. പുല്‍വാമ ജില്ലയിലെ ത്രാല്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്.

പൊലീസ് വകുപ്പില്‍ പാചകക്കാരനായി ജോലി ചെയ്യുന്ന മുദാസിര്‍ അഹമ്മദിനെ വീട്ടില്‍ നിന്നുമാണ് തീവ്രവാദികളെന്ന് സംശയിക്കുന്ന ചിലര്‍ തട്ടിക്കൊണ്ടു പോയതെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ കശ്മീരില്‍ ഇപ്പോള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ജൂലായ് 20 ന് മുഹമ്മദ് സലിം ഷാ എന്ന പൊലീസ് കോണ്‍സ്റ്റബിളിനെ തീവ്രവാദികള്‍ കുല്‍ഗാമിലെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടു പോയിരുന്നു. ജൂലായ് അഞ്ചിന് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ ജവൈദ് ദാര്‍ എന്ന കോണ്‍സ്റ്റബിളിനെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

Top