കശ്മീരില്‍ ഏറ്റുമുട്ടല്‍, ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരനെ സൈന്യം വധിച്ചു

kashmir

ശ്രീനഗര്‍: കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സുരക്ഷാസൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരനെ സൈന്യം വധിച്ചു.

ഒരു സൈനികനും പോലീസ് ഉദ്യോഗസ്ഥനും ഏറ്റുമുട്ടലില്‍ പരിക്കേറ്റു.

കുല്‍ഗാം ജില്ലയിലെ യാരിപ്പോറ സ്വദേശി മുസമ്മില്‍ അഹമ്മദെന്ന ഭീകരനാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

എന്‍ജിനിയറിങ് ബിരുദധാരിയായ ഇയാള്‍ മൂന്ന് വര്‍ഷമായി കശ്മീരില്‍ ഭീകര പ്രവര്‍ത്തനം നടത്തിവരികയാണ്. ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകര സംഘടനയില്‍പ്പെട്ടയാളാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.

പരിക്കേറ്റ സൈനികനെയും പോലീസ് ഉദ്യോഗസ്ഥനെയും ആശുപത്രിയിലേക്ക് മാറ്റി. ഏറ്റുമുട്ടല്‍ തുടങ്ങിയതിന് പിന്നാലെ കശ്മീര്‍ താഴ്വരയിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ അധികൃതര്‍ ഇടപെട്ട് നിര്‍ത്തിവച്ചിരുന്നു. തീവണ്ടി സര്‍വീസുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

ഭീകരരുടെ സാന്നിധ്യം സംബന്ധിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യം പ്രദേശം വളഞ്ഞതിന് പിന്നാലെയാണ് ഏറ്റുമുട്ടലുണ്ടായത്.

പുല്‍വാമ ജില്ലയിലെ ലാമില്‍ ഭീകരരുടെ ഒളിത്താവളവും സൈന്യം ഇന്ന് കണ്ടെത്തിയിരുന്നു.

Top