ഷോപ്പിയാന്‍ വെടിവെയ്പ്പ് ; മേജറിനെതിരായി നടപടി സ്വീകരിക്കുന്നത് തടഞ്ഞ് സുപ്രീം കോടതി

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ സൈന്യം നടത്തിയ വെടിവെയ്പില്‍ സിവിലിയന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസ് മേജര്‍ ആദിത്യ കുമാറിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ നടപടി സ്വീകരിക്കുന്നത് സുപ്രീം കോടതി തടഞ്ഞു. ആദിത്യ കുമാര്‍ ഉള്‍പ്പെടെയുള്ള സൈനികര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആദിത്യ കുമാറിന്റെ പിതാവ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. കശ്മീര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നിന്നു ആദിത്യ കുമാറിന്റെ പേര് ഒഴിവാക്കണമെന്നായിരുന്നു ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. കൂടാതെ, പൊലീസ് കേസ് ഉദ്യോഗസ്ഥന്റെ മൗലികാവകാശങ്ങള്‍ക്കു മേലുള്ള കടന്നുകയറ്റമാണെന്നും, ജമ്മു കശ്മീരില്‍ സുരക്ഷയൊരുക്കുന്ന സൈനികരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി ഇടപെടാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

അഫ്‌സ്പ നിലനില്‍ക്കുന്ന സംസ്ഥാനമായ ജമ്മു കശ്മീരില്‍ സൈന്യത്തിനെതിരായി പൊലീസിനു കേസെടുക്കാന്‍ കഴിയില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഷോപ്പിയാനില്‍ പ്രതിഷേധക്കാര്‍ക്കു നേരെ സൈന്യം നടത്തിയ വെടിവയ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് പൊലീസ് സൈന്യത്തിനെതിരേ കേസെടുത്തത്.

Top