Jagdish Singh Khehar sworn in as Chief Justice of India

ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജിയായ ജസ്റ്റീസ് ജെ.എസ്. ഖെഹര്‍ ചീഫ് ജസ്റ്റീസായി ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ പ്രണബ് മുഖര്‍ജി സത്യവാചകം ചൊല്ലി കൊടുത്തു.

ചീഫ് ജസ്റ്റീസ് ടി.എസ്. ഠാക്കൂര്‍ ഇന്നലെ വിരമിച്ച ഒഴിവിലാണ് 44ാമത് ചീഫ് ജസ്റ്റീസായി ഖെഹര്‍ ചുമതലയേറ്റത്. സിക്ക് വിഭാഗത്തില്‍നിന്നുള്ള ആദ്യത്തെ ചീഫ് ജസ്റ്റീസായ ജഗദീഷ് സിംഗ് ഖെഹര്‍, ഓഗസ്റ്റ് 27 വരെ പദവിയില്‍ തുടരും.

ജഡ്ജിമാരില്ലാത്തതിനാല്‍ രാജ്യത്ത് കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കാനാകില്ലെന്നും ജഡ്ജിമാരെ നിയമിക്കാതെ സര്‍ക്കാര്‍ മെല്ലപ്പോക്ക് നടത്തുകയാണെന്നും അവസാന ദിവസങ്ങളിലും കേന്ദ്രത്തിനെതിരേ വിമര്‍ശനം ഉന്നയിച്ചാണ് ചീഫ് ജസ്റ്റീസ് ടി.എസ്. ഠാക്കൂര്‍ പടിയിറങ്ങിയത്.

കൊളീജിയത്തിന്റെ ശുപാര്‍ശയില്‍ കേന്ദ്രം ഇപ്പോഴും അടയിരിക്കുകയാണെന്നായിരുന്നു കഴിഞ്ഞ ദിവസവും ജസ്റ്റീസ് ഠാക്കൂര്‍ വിമര്‍ശിച്ചത്.

സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാരെ നിയമിക്കുന്നതിനും സ്ഥാനക്കയറ്റം നല്‍കുന്നതിനുമുള്ള ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ റദ്ദാക്കിയതിനു പിന്നാലെ ജുഡീഷറിയും കേന്ദ്ര സര്‍ക്കാരും തമ്മിലുണ്ടായ ഭിന്നതയെത്തുടര്‍ന്നാണ് ചീഫ് ജസ്റ്റീസ് ഠാക്കൂര്‍ കോടതിക്കുള്ളിലും പുറത്തും വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നത്.

Top