jacob thomas’issue-cbi-affidavit

തിരുവനന്തപുരം : വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ സി.ബി.ഐ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിന് പിന്നില്‍ ദുരൂഹത.

സര്‍വ്വീസ് ചട്ടലംഘന ഹര്‍ജിയില്‍ ജേക്കബ് തോമസിനെതിരെ അന്വേഷണം നടത്താന്‍ തയ്യാറാണെന്നും കുറ്റകരമായ പെരുമാറ്റചട്ടം അദ്ദേഹം നടത്തിയതായുമാണ് സത്യവാങ്മൂലത്തില്‍ സി.ബി.ഐ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

ഈ നടപടിക്കെതിരെ സി.ബി.ഐ ഡയറക്ടര്‍ക്ക് കത്തയച്ച ജേക്കബ് തോമസ് അദ്ദേഹത്തിന്റെ അറിവോടെയാണോ ഡി.ജി.പി തസ്തികയിലുള്ള തനിക്കെതിരായ സത്യവാങ്മൂലമെന്ന് എടുത്ത് ചോദിച്ചിരുന്നു.

സര്‍വ്വീസ് ചട്ട ലംഘനത്തിനും നിയമവിരുദ്ധ പ്രവര്‍ത്തികള്‍ക്കും കുപ്രസിദ്ധിയാര്‍ജ്ജിച്ച ഐ.പി.എസ്. ഉദ്യോഗസ്ഥര്‍ സംസ്ഥാനത്തുണ്ടെന്നിരിക്കെ ഇവര്‍ക്കാര്‍ക്കെതിരെയും നടപടി സ്വീകരിക്കാതെ സത്യസന്ധനെന്ന് അറിയപ്പെടുന്ന ജേക്കബ് തോമസിനെതിരെ സി.ബി.ഐ തിരിഞ്ഞതിന്റെ ഉദ്ദ്യേശ ശുദ്ധിയാണ് ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത്.

അഴിമതി കേസില്‍ മുന്‍പ് ചില ഐ.പി.എസ്. ഉദ്യോഗസ്ഥര്‍ സസ്‌പെന്റ് വരെ ചെയ്യപ്പെട്ടിട്ടും അവര്‍ക്ക് എതിരെ സി.ബി.ഐ ഇതുവരെ ഒരന്വേഷണംപോലും നടത്തിയിട്ടില്ല.

വിവാദ വ്യവസായിയുമായി ബന്ധപ്പെട്ട ഇടപാടില്‍ ഒരു ഐ.പി എസ് ഉദ്ദ്യോഗസ്ഥനെ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുകയും ഈ ഉദ്ദ്യോഗസ്ഥന്‍ കടുത്ത നിയമവിരുദ്ധ പ്രവര്‍ത്തിയാണ് നടത്തിയതെന്ന് സംസ്ഥാന പൊലീസ് മേധാവി തന്നെ ഹൈക്കോടതിയില്‍ സത്യവാങ് മൂലം നല്‍കിയിട്ടും ഇയാള്‍ക്കെതിരെ അന്വേഷണം നടത്താന്‍ സിബിഐ മുന്നോട്ട് വന്നിരുന്നില്ല.

കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അഴിമതി സംബന്ധമായ കാര്യങ്ങളും സര്‍വ്വീസ് ചട്ടലംഘനങ്ങളും അന്വേഷിക്കാന്‍ സി.ബി.ഐയുടെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് സര്‍ക്കാരിന്റെയോ ഹൈക്കോടതിയുടേയോ അനുമതിപോലും ആവശ്യമില്ലെന്നിരിക്കെയായിരുന്നു ഈ കണ്ണടക്കല്‍.

ഇപ്പോള്‍ സി.ബി.ഐ കൊച്ചി യൂണിറ്റില്‍ പുതുതായി വന്ന ഉന്നതന്‍ കേരള പോലീസില്‍ നിന്ന് അടുത്തയിടെ എസ്.പി റാങ്കില്‍ റിട്ടയര്‍ ചെയ്ത ഉദ്യോഗസ്ഥന്റെ അടുത്ത ബന്ധുവാണ്.

എറണാകുളത്ത് ഇപ്പോള്‍ തന്ത്രപ്രധാന തസ്തികയില്‍ ഇരിക്കുന്ന വിവാദ ഐ.പി.എസു കാരന്റെ അടുത്ത സുഹൃത്താണ് വിരമിച്ച ഉദ്ദ്യോഗസ്ഥന്‍.

നിലവില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന ഡി.ജി.പി എന്‍. ശങ്കര്‍ റെഡ്ഡിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനായി അറിയപ്പെടുന്ന ഈ വിവാദ ഐ.പി.എസുകാരന്റെ ‘ഇടപെടല്‍’ ജേക്കബ് തോമസിനെതിരായ സത്യവാങ്മൂലത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്ന സംശയമാണിപ്പോള്‍ ബലപ്പെടുന്നത്.

2009ല്‍ കെ.ടി.ഡി.എഫ്.സി മാനേജിംഗ് ഡയറക്ടറായിരിക്കെ ജേക്കബ് തോമസ് മൂന്നുമാസത്തെ അവധിയെടുത്ത് കൊല്ലം ടി.കെ.എം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ ഡയറക്ടറായി ജോലി ചെയ്‌തെന്നും പ്രതിഫലം പറ്റിയെന്നുമാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നത്.

കൂത്തുപറമ്പ് സ്വദേശി സത്യന്‍ നല്‍കിയ ഹര്‍ജിയില്‍ പക്ഷേ കഴമ്പില്ലെന്ന വാദമാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ചൂണ്ടിക്കാട്ടി സി.ബി.ഐ രംഗത്തെത്തിയത്.

മുന്‍പ് കൊലക്കേസുകള്‍ ഉള്‍പ്പെടെ അതിപ്രധാനമായ നിരവധി കേസുകളില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോടതികളില്‍ ഹര്‍ജി വരുമ്പോള്‍ കേസ് ഏറ്റെടുക്കാന്‍ വിസമ്മതിക്കുന്ന സി.ബി.ഐ യാണ് ഇപ്പോള്‍ നിസാരമായ ഒരു ആക്ഷേപത്തിന് പിന്നാലെ കൂടിയിരിക്കുന്നത്. അതുകൊണ്ടു തന്നെയാണ് ഇതു സംബന്ധമായ സംശയങ്ങളും ബലപ്പെടുന്നത്‌.

Top