jacob thomas-cbi

കൊച്ചി: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരായ കേസില്‍ അന്വേഷണത്തിന് തയ്യാറാണെന്ന സി.ബി.ഐയുടെ നിലപാട് ദുരൂഹവും സംശയകരവുമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

കേരള ട്രാന്‍സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ (കെ.ടി.ഡി.എഫ്.സി) എം.ഡിയായിരിക്കെ അവധിയെടുത്ത് ചട്ടവിരുദ്ധമായി സ്വകാര്യ സ്ഥാപനത്തില്‍ ജോലി നോക്കിയെന്ന ജേക്കബ് തോമസിനെതിരായ ആരോപണം അന്വേഷിക്കാന്‍ തയ്യാറാണെന്ന് കൂത്തുപറമ്പ് സ്വദേശി സത്യന്‍ നരവൂര്‍ നല്‍കിയ ഹര്‍ജിയില്‍ സി.ബി.ഐ സത്യവാങ്മൂലം നല്‍കിയിരുന്നു.

ഇതിന് മറുപടിയായായാണ് സര്‍ക്കാര്‍ കോടതിയെ ഇക്കാര്യം അറിയിച്ചത്. കേസില്‍ അഡ്വക്കേറ്റ് ജനറല്‍ ഹാജരാവുമെന്നും അതിന് സമയം വേണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കേസ് നവംബര്‍ മൂന്നിന് പരിഗണിക്കാനായി ഹൈക്കോടതി മാറ്റി.

അവധിയെടുത്ത് സ്വകാര്യ സ്ഥാപനത്തില്‍ ജോലി നോക്കിയത് സംബന്ധിച്ച കേസ് നേരത്തെ തന്നെ അന്വേഷിച്ച് തീര്‍പ്പാക്കിയതാണ്.

ജോലി നോക്കിയ കാലയളവില്‍ ലഭിച്ച വരുമാനം മുഴുവന്‍ ജേക്കബ് തോമസില്‍ നിന്ന് തിരിച്ചു പിടിച്ചിട്ടുണ്ട്. ഒരിക്കല്‍ തീര്‍പ്പാക്കിയ വിഷയം വീണ്ടും അന്വേഷിക്കുന്നത് എന്തിനാണെന്നും സര്‍ക്കാര്‍ കോടതിയില്‍ ചോദ്യം ഉന്നയിച്ചു.

ജേക്കബ് തോമസിനെതിരായ ഹര്‍ജിയില്‍ ദുരുദ്ദേശമുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

Top