ഇത് ചരിത്രനേട്ടം; ഇരുപതാം ഗ്രാന്‍ഡ്സ്ലാം കിരീടത്തില്‍ മുത്തമിട്ട് റോജര്‍ ഫെഡറര്‍

മെല്‍ബണ്‍: ഇരുപതാം ഗ്രാന്‍ഡ്സ്ലാം കിരീടത്തില്‍ മുത്തമിട്ട് റോജര്‍ ഫെഡറര്‍. പ്രായത്തില്‍ ഏറെ പിന്നിലുള്ള ക്രൊയേഷ്യന്‍ താരം മരിന്‍ സിലിച്ചിനെ അഞ്ചു സെറ്റ് നീണ്ടുനിന്ന കടുത്ത പോരാട്ടത്തില്‍ മറികടന്നാണ് ഫെഡററിന്റെ കിരീടധാരണം. സ്‌കോര്‍: 6-2, 6-7, 6-3, 3-6, 6-1.

ക്രൊയേഷ്യന്‍ താരത്തെ കാര്യമായ പോരാട്ടത്തിനു പോലും അനുവദിക്കാതെയാണ് സ്വിസ് താരം ആദ്യ സെറ്റ് സ്വന്തമാക്കിയത്. കടുത്ത പോരാട്ടം നടന്ന രണ്ടാം സെറ്റില്‍ ഫെഡററിന്റെ വെല്ലുവിളി അതിജീവിച്ച സിലിച്ച് ഒപ്പമെത്തി. 6-3 ന് മൂന്നാം സെറ്റ് ഫെഡററും നാലാം സെറ്റ് സിലിച്ചും സ്വന്തമാക്കിയതോടെ കലാശപ്പോര് അഞ്ചാം സെറ്റിലേക്ക്. നിര്‍ണായക ഘട്ടത്തില്‍ തന്റെ അനുഭവ സമ്പത്തു മുഴുവന്‍ പുറത്തെടുത്ത ഫെഡറര്‍ അനായാസം സെറ്റും മല്‍സരവും നേടിയെടുക്കുകയായിരുന്നു.

കരിയറിലെ 30-ാം ഗ്രാന്‍സ്‌ലാം ഫൈനല്‍ കളിച്ച ഫെഡററിന്റെ 20-ാം കിരീടനേട്ടമാണ് മെല്‍ബണില്‍ പിറന്നത്. ആറാം ഓസ്‌ട്രേലിയന്‍ ഓപ്പണും സ്വന്തമാക്കിയ ഫെഡറര്‍, ഇക്കാര്യത്തില്‍ നോവാക് ജോക്കോവിച്ച്, റോയ് എമേഴ്‌സന്‍ എന്നിവരുടെ റെക്കോര്‍ഡിനൊപ്പമെത്തി. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ താരമെന്ന റെക്കോര്‍ഡ് അദ്ദേഹം പുതുക്കുകയും ചെയ്തു. 2017 ല്‍ കിരീടം നേടിയപ്പോഴാണ് ഫെഡറര്‍ ഈ നേട്ടം സ്വന്തമാക്കിയത്. 1972 ല്‍, 37-ാം വയസ്സില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടിയ കെന്‍ റോസ്‌വാളാണ് ഫെഡററിന് മുന്നിലുള്ളത്.

Top