ഒടുവില്‍ ഇറ്റലിയെയും വരുതിയിലാക്കി ; പ്രധാനമന്ത്രി പൗലോ ജെന്‍റിലോണി നാളെ ഇന്ത്യയില്‍

ന്യൂഡൽഹി: ഇറ്റാലിയന്‍ പ്രധാനമന്ത്രി പൗലോ ജെന്‍റിലോണി നാളെ ഇന്ത്യ സന്ദർശിക്കും.

പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു ഇറ്റാലിയന്‍ പ്രധാനമന്ത്രി ഇന്ത്യാ സന്ദര്‍ശനത്തിനെത്തുന്നത്.

ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നിലനിൽക്കുന്ന കടല്‍ക്കൊല കേസിലെ പ്രശ്നങ്ങൾ ഇറ്റാലിയന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടെ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ.

2012ല്‍ കടലില്‍വെച്ച് എന്‍ട്രിക്ക ലെക്സി എന്ന കപ്പലിലെ രണ്ട് ഇറ്റാലിയന്‍ നാവികരുടെ വേടിയേറ്റ് മത്സ്യതൊഴിലാളികള്‍ കൊല്ലപ്പെട്ട സംഭവത്തോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്.

ഇരു നാവികരേയും അറസ്റ്റ് ചെയ്യുകയും ഇന്ത്യയില്‍ തടഞ്ഞുവെക്കുകയും ചെയ്തതോടെ കേസ് അന്താരാഷ്ട്ര കോടതിയിലേക്കും നീണ്ടു.

മിസൈല്‍ ടെക്നോളജി നിയന്ത്രണസമിതിയില്‍ അംഗമാകാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് ഇറ്റലി തടസവും നിന്നു.

കഴിഞ്ഞവര്‍ഷം വത്തിക്കാന്‍ സന്ദര്‍ശനത്തിനിടെ വിദേശകാര്യമന്ത്രി ഇറ്റാലിയന്‍ അധികൃതരുമായി നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് തീരുമാനം പിന്‍വലിക്കാന്‍ ഇറ്റലി തയ്യാറായത്.

ഇരു രാജ്യങ്ങൾക്കിടയിലെ ഉഭയകക്ഷി ബന്ധവും രാഷ്ട്രീയ സാമ്പത്തിക ബന്ധവും ശക്തമാക്കുമെന്നും വാര്‍ത്താകുറിപ്പിലൂടെ വിദേശകാര്യമന്ത്രാലയം അറിയിച്ചു.

Top