പ്ലാസ്റ്റിക് വിമുക്ത കൊച്ചി മെട്രോ അതാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക് കണ്ട സ്വപ്നം

കൊച്ചി : പ്ലാസ്റ്റിക് വിമുക്ത മെട്രോ എന്ന ലക്ഷ്യവുമായി കൊച്ചി മെട്രോ നടപ്പാക്കുന്ന പദ്ധതിയില്‍ കൈകോര്‍ക്കാന്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക്.

ബാങ്കിന്റെ സാമൂഹ്യപ്രതിബദ്ധതാ പരിപാടികളില്‍ ഉള്‍പ്പെടുത്തിയാണ് പ്ലാസ്റ്റിക്കിനെ അകറ്റിനിര്‍ത്താനുള്ള മെട്രോ പദ്ധതിയില്‍ സഹകരിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

മെട്രോ സ്‌റ്റേഷനുകളില്‍ പ്ലാസ്റ്റിക് ബോട്ടില്‍ റീസൈക്ലിംഗ് മെഷിനുകള്‍ സ്ഥാപിച്ചു കൊണ്ടായിരിക്കും സൗത്ത് ഇന്ത്യന്‍ ബാങ്ക് ഇതിന് തുടക്കമിടുക.

വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക് ബോട്ടിലുകള്‍ ശേഖരിക്കുകയാണ് പ്രധാന ലക്ഷ്യമെന്നും നിക്ഷേപകര്‍ക്ക് പ്രോത്സാഹനമായി സമ്മാനങ്ങള്‍ നല്‍കുമെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചു.

അതിന്റെ ഭാഗമായി ആദ്യമായി വയ്ക്കുന്ന മൂന്നു മെഷീനുകളും സൗത്ത് ഇന്ത്യന്‍ ബാങ്കാണ് വാങ്ങി മെട്രോ സ്‌റ്റേഷനുകളില്‍ സ്ഥാപിക്കുക.

വൈല്‍ഡ് വെസ്റ്റ് മീഡിയയാണ് ഈ മെഷീന്റെ നിര്‍മാതാക്കള്‍. ആദ്യഘട്ടത്തില്‍ പാലാരിവട്ടം, കുസാറ്റ്, ഇടപ്പള്ളി മെട്രോ സ്റ്റേഷനുകളിലാണ് മെഷീന്‍ സ്ഥാപിക്കുക.

മെട്രോ യാത്രക്കാരല്ലാത്തവര്‍ക്കും മെഷീന്‍ ഉപയോഗിക്കാവുന്ന തരത്തില്‍ മെട്രോ സ്റ്റേഷനുകളിലെ ടിക്കറ്റില്ലാതെ പ്രവേശിക്കാവുന്ന ഭാഗത്തായിരിക്കും മെഷീന്‍ സ്ഥാപിക്കുകയെന്നും അധികൃതര്‍ വ്യക്തമാക്കി.

പ്ലാസ്റ്റിക് ബോട്ടിലുകള്‍ നിക്ഷേപിക്കുന്നവര്‍ക്ക് പ്രോത്സാഹനവുമായി വിവിധ വ്യാപാരസ്ഥാപനങ്ങളുടെ ഡിസ്‌കൗണ്ട് കൂപ്പണുകള്‍ മെഷീനുകളില്‍ ലഭ്യമാകും.

കൂപ്പണുകള്‍ നിക്ഷേപകനു തെരഞ്ഞെടുക്കാനുമാകും. ഇതിനകം ചുങ്കത്ത് ജ്വല്ലറി, മക്‌ഡോണാള്‍ഡ്‌സ് തുടങ്ങിയ സ്ഥാപനങ്ങള്‍ പദ്ധതിയുമായി സഹകരിക്കാന്‍ തയാറായിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

Top