വസ്ത്രവ്യാപാരശാലകളിലെ സ്ത്രീജീവനക്കാരുടെ പ്രശ്‌നങ്ങള്‍ ; മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നു

കണ്ണൂര്‍: സംസ്ഥാനത്തെ വസ്ത്രവ്യാപാരശാലകളില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ നേരിടേണ്ടിവരുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.

ജീവനക്കാര്‍ നേരിടുന്ന ദുരവസ്ഥയ്ക്ക് അടിയന്തരമായി പരിഹാരം കാണണമെന്ന് തൊഴില്‍, സാമൂഹ്യനീതി വകുപ്പ് സെക്രട്ടറിമാര്‍, ജില്ലാതല തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് കമ്മീഷന്‍ ആക്ടിംഗ് അധ്യക്ഷന്‍ പി.മോഹനദാസ് ഉത്തരവിട്ടു.

സ്വീകരിച്ച നടപടികള്‍ ഒരു മാസത്തിനകം കമ്മീഷനെ അറിയിക്കണമെന്നും, കേസ് ജനുവരി 15 ന് കണ്ണൂരില്‍ നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കുമെന്നും, കണ്ണൂര്‍ നഗരസഭാ കൗണ്‍സിലര്‍ തൈക്കണ്ടി മുരളീധരന്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.

സംസ്ഥാനത്തെ വസ്ത്രവില്പന ശാലകളില്‍ നടക്കുന്നത് മനുഷ്യാവകാശ ലംഘനങ്ങളാണെന്നും കമ്മീഷന്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടി.

കട തുറക്കുന്നതു മുതല്‍ അടയ്ക്കുന്നതുവരെ സ്ത്രീ ജീവനക്കാരെ ഒരേ നില്‍പ്പ് നിര്‍ത്തുന്നത് ക്രൂരതയാണെന്നും പി.മോഹനദാസ് ഉത്തരവില്‍ പറഞ്ഞു.

Top