ISRO planning launch of SAARC satellite in March

ശ്രീഹരിക്കോട്ട:സാര്‍ക് രാജ്യങ്ങള്‍ക്കായുള്ള ഉപഗ്രഹം മാര്‍ച്ചില്‍ വിക്ഷേപിക്കുമെന്ന് ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ എ.എസ്. കിരണ്‍കുമാര്‍ .

ഇന്ത്യയെ കൂടാതെ അഫ്ഗാന്‍. ബംഗ്ലാദേശ്, ഭൂട്ടന്‍,മാല്ദിവസ്, നേപ്പാള്‍,പാകിസ്താന്‍,ശ്രീലങ്ക എന്നീ രാജ്യങ്ങളാണ് സാര്‍ക്കിലെ മറ്റംഗങ്ങള്‍. ഇതില്‍ നിന്ന് പാകിസ്താനെ ഒഴിവാക്കിട്ടുണ്ട്.

2014 മാര്‍ച്ചില്‍ നേപ്പാളില്‍ നടന്ന സാര്‍ക് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് സാര്‍ക് ഉപഗ്രഹത്തെ കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്. പിന്നീട് ഇതില്‍ നിന്നു പാകിസ്താന്‍ പിന്മാറിയതോടെ സൗത്ത് ഏഷ്യന്‍ സാറ്റലൈറ്റായി ഇതുമാറുകയായിരുന്നു.

104 ഉപഗ്രഹങ്ങള്‍ ഒറ്റയടിക്ക് വിജയകരമായി വിക്ഷേപിക്കാനായതിലൂടെ അന്താരാഷ്ട്ര ബഹിരാകാശ ഗവേഷണരംഗത്ത് ഐ.എസ്.ആര്‍.ഒ. പുതുയചരിത്രമെഴുതിയെന്ന് കിരണ്‍കുമാര്‍ പറഞ്ഞു.

പി.എസ്.എല്‍.വി. സി 37 ന്റെ വിജയകരമായ വിക്ഷേപണത്തിലൂടെ ശ്രമകരമായ ദൗത്യങ്ങള്‍ ഏറ്റെടുത്ത് വിജയിപ്പിക്കാന്‍ ഐ.എസ്.ആര്‍.ഒ.യ്ക്ക് കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണെന്ന് പി.എസ്.എല്‍.വി. സി 37 പ്രോജക്ട് ഡയറക്ടര്‍ ബി. ജയകുമാര്‍, സതീഷ് ധവാന്‍ സ്‌പേസ് സെന്റര്‍ ഡയറക്ടര്‍ പി. കുഞ്ഞികൃഷ്ണന്‍, വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ ഡയറക്ടര്‍ കെ. ശിവന്‍ എന്നിവര്‍ പറഞ്ഞു.

തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍, ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്റര്‍, ഇസ്‌റോ ഇനേര്‍ഷ്യല്‍ സിസ്റ്റംസ് യൂണിറ്റ് എന്നിവിടങ്ങളിലാണ് ദൗത്യത്തിന്റെ ആസൂത്രണവും പി.എസ്.എല്‍.വി. സി 37ന്റെ രൂപകല്പനയും പൂര്‍ത്തിയാക്കിയത്.

ചരിത്രദൗത്യത്തില്‍ വിജയിച്ച ഐ.എസ്.ആര്‍.ഒ.യെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഭിനന്ദിച്ചിരുന്നു.

Top