പ്രകൃതി ദുരന്തങ്ങള്‍ മുന്‍ക്കൂട്ടി അറിയാനുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കാനൊരുങ്ങി ഐഎസ്ആര്‍ഒ

natural disaster

ന്യൂഡല്‍ഹി: കൊടുംക്കാറ്റുകളും, ഭൂകമ്പങ്ങളും, തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ ജനങ്ങള്‍ക്ക് അവരുടെ വാസസ്ഥലങ്ങള്‍ പോലും നഷ്ടപ്പെടുത്തിയ വാര്‍ത്ത കഴിഞ്ഞ കുറച്ചു നാളുകളായി ചര്‍ച്ചാ വിഷയമാവുകയും മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതുമായിരുന്നു.

കാര്യമായ മുന്‍കരുതലുകള്‍ എടുക്കാത്തതിനെ തുടര്‍ന്ന് ആയിരകണക്കിന് ജീവനുകളാണ് നഷ്ടപ്പെട്ടത്. എന്നാല്‍ ഇത്തരം സാഹചര്യത്തെ അടിസ്ഥാനമാക്കി പുതിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുകയാണ് ഐഎസ്ആര്‍ഒ. പ്രകൃതി ദുരന്തങ്ങള്‍ മുന്‍കൂട്ടി തിരിച്ചറിയാനുള്ള പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ അറിയിച്ചു.

എല്ലാവര്‍ക്കും ഉപയോഗപ്രദമാകുന്ന രീതിയില്‍ മികച്ച സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കാനാണ് ഐഎസ്ആര്‍ഒ തയ്യാറെടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ചിലവ് കുറഞ്ഞ രീതിയില്‍ കര്‍ഷകര്‍ ഉള്‍പ്പടെയുള്ള സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയിലായിരിക്കും സാങ്കേതികവിദ്യയുടെ നിര്‍മ്മാണം. ഇത്തരത്തിലുള്ള ഒരു ആപ്ലികേഷനാണ് നേവിയുമായി ചേര്‍ന്ന് ഐഎസ്ആര്‍ഒ തയ്യാറാക്കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ഓഖി പോലുള്ള ദുരന്തങ്ങള്‍ തീരദേശവാസികള്‍ക്ക് വിതച്ച ദുരിതം കണക്കിലെടുത്താണ് പ്രകൃതി ദുരന്തങ്ങള്‍ നേരത്തെതന്നെ തിരിച്ചറിയാനുള്ള പുതിയ സാങ്കേതികവിദ്യ ഐഎസ്ആര്‍ഒ വികസിപ്പിച്ചെടുക്കുന്നതെന്നും ചെയര്‍മാന്‍ കെ ശിവന്‍ പറഞ്ഞു.

Top