വിജയം മാത്രം ലക്ഷ്യമിട്ട് ഐസ്ലന്‍ഡ്; നൈജീരിയയ്ക്ക് ഇത് നിര്‍ണായക മത്സരം

മോസ്‌ക്കോ: ലോകകപ്പ് പ്രീക്വാര്‍ട്ടര്‍ ലക്ഷ്യം വെച്ച് നൈജീരിയയും ഐസ്ലന്‍ഡും ഇന്നിറങ്ങുന്നു. ആദ്യ മത്സരത്തില്‍ സമനില പിടിച്ച ഐസ്ലന്‍ഡും പരാജയം രുചിച്ച നൈജീരിയയും ഇന്ത്യന്‍ സമയം രാത്രി 8.30നാണ് കച്ചമുറുക്കുന്നത്.

ആദ്യ മത്സരത്തില്‍ ക്രൊയേഷ്യയോട് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെട്ട നൈജീരിയക്ക് ഐസ്ലാന്‍ഡിനെതിരെ ഇറങ്ങുമ്പള്‍ വിജയത്തില്‍ കുറഞ്ഞൊന്നും ലക്ഷ്യം ഉണ്ടാവില്ല. ഇനി ഒരു പരാജയം കൂടെ നേരിടേണ്ടി വന്നാല്‍ നൈജീരിയ ലോകകപ്പില്‍ നിന്നും പുറത്താവും.

കരുത്തരായ അര്‍ജന്റീനയെ സമനിലയില്‍ തളച്ചതിന്റെ ആത്മവിശ്വാസത്തില്‍ ആണ് ഐസ്ലാന്‍ഡ് നൈജീരിയക്കെതിരെ ഇറങ്ങുന്നത്. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ അര്‍ജന്റീനക്കെതിരെ ഒട്ടും പതറാതെ നിന്ന ഐസ്ലാന്‍ഡ് പ്രതിരോധം മറികടക്കുക നൈജീരിയക്ക് വെല്ലുവിളി ഉയര്‍ത്തും. നൈജീരിയക്കെതിരെ ലഭ്യമാവുന്ന മൂന്നു പോയിന്റും കരസ്ഥമാക്കി നോക് ഔട്ട് പ്രതീക്ഷകള്‍ സജീവമാക്കാനായിരിക്കും ഐസ്ലാന്‍ഡ് ശ്രമം. അര്‍ജന്റീനക്കെതീരെ പരിക്കേറ്റ ഗുഡ്മുണ്ട്‌സണ്‍ ഇല്ലാതെയാവും ഐസ്ലാന്‍ഡ് ഇന്ന് ഇറങ്ങുക.

Top