ഇറാന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ; മഹ്മൂദ് അഹമ്മദി നെജാദിന് മത്സരിക്കാനാവില്ല

iran-ex-president

തെഹ്‌റാന്‍: ഇറാന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മുന്‍ പ്രസിഡന്റ് മഹ്മൂദ് അഹമ്മദി നെജാദിന് മത്സരിക്കാനാവില്ല.മെയ് 19നാണ് തിരഞ്ഞെടുപ്പ് .

നിലവിലെ പ്രസിഡന്റ് ഹസന്‍ റൂഹാനി, യാഥാസ്ഥിതിക ആത്മീയനേതാവ് ഇബ്രാഹിം റെയ്‌സി എന്നിവരുടെ അടക്കം ആറു പേരുടെ നാമനിര്‍ദേശ പത്രിക ഗാര്‍ഡിയന്‍ കൗണ്‍സില്‍ അംഗീകരിച്ചു. എന്നാല്‍ നെജാദിനെ അയോഗ്യനാക്കിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

തെഹ്‌റാന്‍ മേയര്‍ മുഹമ്മദ് ബാക്വര്‍ ഖലിബാഫ്, ആദ്യ വൈസ് പ്രസിഡന്റ് ഇഷാഖ് ജഹാംഗിരി, മുസ്തഫ മിര്‍സലിം, മുസ്തഫ ഹഷെമിതബ എന്നിവരാണ് ഗാര്‍ഡിയന്‍ കൗണ്‍സില്‍ അംഗീകരിച്ച മറ്റു സ്ഥാനാര്‍ഥികള്‍. തിരഞ്ഞെടുപ്പിനായി സ്ത്രീകള്‍ ഉള്‍പ്പെടെ 1600 പേര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ആറു പേരുടെ നാമനിര്‍ദേശ പത്രിക മാത്രമാണ് അംഗീകരിച്ചത്.

ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള ഖമേനിയുടെ എതിര്‍പ്പ് അവഗണിച്ചായിരുന്നു നെജാദ് വീണ്ടും നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ മുന്‍ വൈസ് പ്രസിഡന്റ് ഹമീദ് ബഘായിയെ സഹായിക്കാനാണ് പത്രിക നല്‍കിയതെന്ന് നെജാദ് പിന്നീടു വ്യക്തമാക്കിയിരുന്നു. തുടര്‍ച്ചയായി രണ്ടു നാലുവര്‍ഷ കാലാവധി പൂര്‍ത്തിയാക്കിയശേഷം 2013 ഓഗസ്റ്റിലാണ് നെജാദ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത്.

സ്ഥാനാര്‍ഥികളുടെ യോഗ്യതകള്‍ പരിശോധിച്ച് ഏപ്രില്‍ 27 ന് അന്തിമ സ്ഥാനാര്‍ഥി പട്ടിക ഗാര്‍ഡിയന്‍ കൗണ്‍സില്‍ പ്രഖ്യാപിക്കും. സ്ഥാനാര്‍ഥിത്വം ലഭിക്കുന്നവര്‍ക്ക് ഏപ്രില്‍ 28 മുതല്‍ പ്രചരണം ആരംഭിക്കാം.Related posts

Back to top