ഇറാന്‍ സര്‍ക്കാരിനെതിരായ പ്രക്ഷോഭം: സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത് 12 പേര്‍

ടെഹ്‌റാന്‍: നാലാം ദിവസത്തിലേക്ക് കടന്ന ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു.

ഇറാന്‍ സര്‍ക്കാറിന്റെ സാമ്പത്തിക നയത്തിനെതിരെ വിവിധ ഭാഗങ്ങളില്‍ രാജ്യത്തിന്റെ വ്യാഴാഴ്ച മുതലാണ് പ്രക്ഷോഭം ആരംഭിച്ചത്. ഇറാനിലെ ഏറ്റവും വലിയ നഗരമായ മാസ്ഹദില്‍ വിലവര്‍ധനവിനെതിരെ റാലി സംഘടിപ്പിച്ചതോടെയായിരുന്നു പ്രക്ഷോഭത്തിന്റെ തുടക്കം.

വെള്ളിയാഴ്ചയോടെ ഇറാന്‍ തലസ്ഥാനമായ ടെഹ്റാനിലേക്കും പിന്നീട് മറ്റു പ്രധാന നഗരങ്ങളിലേക്കും പ്രക്ഷോഭം വ്യാപിക്കുകയായിരുന്നു.

സാമ്പത്തിക ഞെരുക്കവും, ഉയര്‍ന്ന ജീവിതച്ചെലവുമാണ് ജനങ്ങളെ തെരുവിലിറക്കാന്‍ പ്രേരിപ്പിച്ചത്. ആരുടെയും നേതൃത്വമില്ലാതെയാണ് രാജ്യവ്യാപകമായി പ്രതിഷേധം നടന്നുവരുന്നത്.

ഇതുവരെ 400 ല്‍ അധികം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് സ്റ്റേറ്റ് ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം മരണത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

പ്രതിഷേധിക്കാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും എന്നാല്‍ അക്രമം സ്വീകാര്യമല്ലെന്നും ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി അഭിപ്രായപ്പെട്ടിരുന്നു.പൊതുമുതല്‍ നശിപ്പിച്ച് പ്രക്ഷോഭം നടത്തുന്നവര്‍ക്ക് ശക്തമായ നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Top