അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധം:ഇറാന്‍ ആണവകരാര്‍ വലിയ നുണയെന്ന് ഡോണാള്‍ഡ് ട്രംപ്

trump1

ന്യൂയോര്‍ക്ക്: ഇറാന്‍ ആണവകരാര്‍ വലിയ നുണയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. അമേരിക്കയുമായി ആണവകരാറില്‍ ഏര്‍പ്പെട്ട ശേഷം ഇറാന്റെ പ്രതിരോധ ബജറ്റ് 40 ശതമാനം വര്‍ധിച്ചു. ഇതാണ് ആണവകരാര്‍ വലിയൊരു നുണയാണെന്ന് താന്‍ പറയാന്‍ കാരണമെന്നും ട്രംപ് വ്യക്തമാക്കി.

ഇറാനുമായി ഒബാമ ഭരണകാലത്ത് ഒപ്പിട്ട കരാറില്‍ നിന്ന് നാടകീയമായി ട്രംപ് പിന്‍മാറിയിരുന്നു. കരാര്‍ ഏകപക്ഷീയമാണെന്നും അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും അറിയിച്ചാണ് ട്രംപിന്റെ പിന്‍മാറ്റം. ഫ്രാന്‍സും ബ്രിട്ടനുമെല്ലാം കരാറില്‍ നിന്ന് പിന്‍മാറരുതെന്ന് ട്രംപിനോട് അഭ്യര്‍ത്ഥിച്ചിരുന്നുവെങ്കിലും അദ്ദേഹം അതിന് തയാറായിരുന്നില്ല.

അമേരിക്കന്‍ പിന്മാറ്റത്തിന്റെ പശ്ചാത്തലത്തില്‍ ഇറാനുമായുള്ള ആണവകരാറിനെ തകര്‍ച്ചയില്‍നിന്ന് രക്ഷപ്പെടുത്താന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ സജീവ നീക്കം തുടരുകയാണ്. കരാറില്‍ ഒപ്പുവെച്ച ഫ്രാന്‍സ്, ബ്രിട്ടന്‍, ജര്‍മനി, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ തിരക്കിട്ട കൂടിയാലോചനയിലാണ്. ആണവ കരാറില്‍നിന്ന് പിന്മാറുകയും ഇറാനെതിരെ ഉപരോധങ്ങള്‍ ശക്തമാക്കുകയും ചെയ്തുകൊണ്ടുള്ള ട്രംപിന്റെ പ്രഖ്യാപനം ഏറ്റവും കൂടുതല്‍ ബാധിച്ചത് യൂറോപ്യന്‍ രാജ്യങ്ങളെയാണ്.

ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതികളെ നേരിടാനോ മേഖലയില്‍ തെഹ്‌റാനുള്ള സ്വാധീനം കുറക്കാനോ കരാറിന് ശേഷിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപ് പിന്മാറിയത്. 2015ല്‍ അമേരിക്ക മുന്‍കൈയെടുത്ത് ഒപ്പുവെച്ച കരാര്‍ റദ്ദാക്കുമെന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ തുടക്കം മുതല്‍ തന്നെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. ആണവായുധം വികസിപ്പിക്കുന്നതില്‍നിന്ന് ഇറാനെ തടയുകയെന്ന ലക്ഷ്യത്തോടെയാണ് അമേരിക്ക ഉള്‍പ്പെടുന്ന വന്‍ശക്തികള്‍ കരാറില്‍ ഒപ്പുവെച്ചത്. എന്നാല്‍ തങ്ങള്‍ക്ക് ആണവായുധ പദ്ധതി ഇല്ലെന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇറാനെതിരെ അമേരിക്കന്‍ ഉപരോധങ്ങള്‍ തിരിച്ചുവരുന്നതോടെ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ശതകോടിക്കണക്കിന് ഡോളറിന്റെ ബിസിനസ് നഷ്ടമുണ്ടാകും.

Top