IPS-Political lobbies against Jacob Thomas

തിരുവനന്തപുരം: ജേക്കബ് തോമസ് നല്‍കിയ കത്തിന്‍മേല്‍ സര്‍ക്കാര്‍ തീരുമാനമെടുക്കാതിരിക്കുകയും അദ്ദേഹം ആ പദവിയില്‍ തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ വിജിലന്‍സ് കോടതിയെ സമീപിക്കാന്‍ ഉന്നത കേന്ദ്രങ്ങള്‍ ശ്രമം തുടങ്ങി.

പൊതുതാല്‍പര്യ ഹര്‍ജിയെന്ന രൂപത്തില്‍ വിശ്വസ്തരെ മുന്‍നിര്‍ത്തി വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിപ്പിക്കാനാണ് നീക്കം.

തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ജേക്കബ് തോമസിനെതിരെ ക്രമക്കേട് കണ്ടെത്തിയതായി പറയുന്ന ധനകാര്യ റിപ്പോര്‍ട്ട് സഹിതം പരാതി നല്‍കാനാണ് ശ്രമം.

പ്രതിപക്ഷത്തെ പ്രമുഖ നേതാവും ഐഎഎസ് ഉന്നതനുമാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് സൂചന.

വിജിലന്‍സ് കോടതിയെ കൊണ്ട് പ്രാഥമിക അന്വേഷണത്തിനെങ്കിലും ഉത്തരവിടുവിപ്പിച്ചാല്‍ പിന്നെ ജേക്കബ് തോമസിന് തല്‍സ്ഥാനത്ത് തുടരാന്‍ പറ്റില്ലെന്ന് കണ്ടാണ് ഈ നീക്കം.

ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറിയാല്‍ അത് പിണറായി സര്‍ക്കാരിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാകും.

senkumar

ജേക്കബ് തോമസിന് പകരം വിജിലന്‍സ് ഡയറക്ടറാവാനുള്ള യോഗ്യത സംസ്ഥാനത്ത് രണ്ട് ഐപിഎസുകാര്‍ക്ക് മാത്രമാണ് ഉള്ളത്. അത് മുന്‍ പൊലീസ് മേധാവി ടിപി സെന്‍കുമാറും ഇപ്പോഴത്തെ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റയുമാണ്.

കേന്ദ്രം സംസ്ഥാനത്തിന് അനുവദിച്ച രണ്ട് കേഡര്‍ തസ്തികയിലാണ് ഇപ്പോള്‍ ബഹ്‌റയും ജേക്കബ് തോമസും ഇരിക്കുന്നത്.

ഇതില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിച്ചാല്‍ സെന്‍കുമാറിനെയാണ് പരിഗണിക്കേണ്ടി വരിക. അങ്ങിനെ വന്നാല്‍ ജേക്കബ് തോമസിന് കേഡര്‍ പോസ്റ്റ് നഷ്ടമാകും.

നിലവില്‍ സംസ്ഥാന പൊലീസിലെ ഏറ്റവും സീനിയര്‍ സെന്‍കുമാറും രണ്ടാമത് ജേക്കബ് തോമസുമാണ്.

ഭരണമാറ്റത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ മാറ്റിയ സെന്‍കുമാറിനെ ഇനി ഒരിക്കലും തന്ത്രപ്രധാന തസ്തികയില്‍ നിയമിക്കില്ലെന്ന കാര്യം ഉറപ്പാണ്. മാത്രമല്ല സര്‍ക്കാരിനെതിരെ ഹൈക്കോടതിയില്‍ കേസും നല്‍കിയിരിക്കുകയാണ് സെന്‍കുമാര്‍

വിജിലന്‍സ് അന്വേഷണത്തിന് ജേക്കബ് തോമസിനെതിരെ കോടതി ഉത്തരവിട്ടാല്‍ പിന്നെ ഇദ്ദേഹത്തെ സംസ്ഥാന പൊലീസ് മേധാവിയാക്കി പകരം ബഹ്‌റയെ വിജിലന്‍സ് ഡയറക്ടറാക്കേണ്ടി വരും. ഇതല്ലാതെ മറ്റൊരു ഓപ്ഷന്‍ സര്‍ക്കാരിന് മുന്നിലില്ല.

rishiraj singh

എക്‌സ് കേഡര്‍ തസ്തികയിലുള്ള ഋഷിരാജ് സിങ്ങിനെയോ, ഹേമചന്ദ്രനെയോ വിജിലന്‍സ് ഡയറക്ടര്‍ തസ്തികയിലേക്ക് പരിഗണിച്ചാല്‍ അത് കേന്ദ്രം അംഗീകരിക്കില്ല.

മാത്രമല്ല സീനിയോറിറ്റി മറികടന്ന് ശങ്കര്‍ റെഡ്ഡിയെ യുഡിഎഫ് സര്‍ക്കാര്‍ വിജിലന്‍സ് ഡയറക്ടറാക്കിയതിനെതിരെ ശക്തമായി പ്രതികരിച്ചത് സിപിഎമ്മും ഇടത്പക്ഷവുമായതിനാല്‍ ധാര്‍മ്മികമായി ഇത്തരമൊരു സമീപനം സ്വീകരിക്കാനും സര്‍ക്കാരിന് കഴിയില്ല.

ജേക്കബ് തോമസിനെ സംസ്ഥാന പൊലീസ് മേധാവിയാക്കി കൊണ്ടുള്ള ഒരു മാറ്റത്തെക്കുറിച്ച് ചിന്തിക്കുക പോലും വേണ്ടെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിലപാട്.

നിലവില്‍ സംസ്ഥാനത്തെ ഐപിഎസ് ഉദ്യോഗസ്ഥരില്‍ ബഹുഭൂരിപക്ഷവും ജേക്കബ് തോമസിന് എതിരായതിനാല്‍ പൊലീസ് തലപ്പത്ത് വന്‍ പൊട്ടിത്തെറിക്ക് തന്നെ അത്തരം നിയമനം കാരണമാകുമെന്നാണ് മുന്‍ ആഭ്യന്തര മന്ത്രി കൂടിയായ കോടിയേരി ചൂണ്ടിക്കാട്ടുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനാകട്ടെ തല്‍ക്കാലം ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായി തന്നെ തുടരട്ടെ, വിജിലന്‍സ് കോടതി ഇടപെടലും മറ്റും വന്നാല്‍ അപ്പോള്‍ പകരം സംവിധാനത്തെക്കുറിച്ച് ആലോചിക്കാമെന്ന നിലപാടിലുമാണ്.

Top